• Thu. Apr 3rd, 2025

24×7 Live News

Apdin News

അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

Byadmin

Apr 1, 2025


എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്നും ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്നും ചിത്രത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു.

സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ല. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. എമ്പുരാന്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. ഹര്‍ജി അവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.

ബിജെപി നേതാവായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിവാദമായതിനെ തുടര്‍ന്ന് വിജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എമ്പുരാന്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതില്‍ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.

By admin