തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി 23 കാരനായ അഫാന്‍ നാല് ദിവസം മുമ്പ് പിതൃമാതാവ് സല്‍മാബീവിയെ കാണാന്‍ വന്നിരുന്നതായി പിതൃസഹോദരന്‍ ബദറുദ്ദീന്‍.
അഫാന്‍ ഇടക്ക് വന്നു പോകാറുണ്ടെന്നും ഉമ്മയോട് സ്വര്‍ണം ചോദിക്കാറുണ്ടെന്നും ബദറുദ്ദീന്‍ പറഞ്ഞു. അനിയന്റെ ഫീസടക്കാന്‍ കാശില്ലെന്നും കഴുത്തിലെ മാല നല്‍കാനും പിതൃമാതാവിനോട് പ്രതി ആവശ്യപ്പെട്ടതായി ബദറുദ്ദീന്‍ സൂചിപ്പിച്ചു. പണയം വെച്ച് ഫീസടക്കട്ടെയെന്നും പിന്നെ എടുത്തുതരാമെന്ന് പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിതൃമാതാവ് മാല കൊടുക്കാന്‍ സയ്യാറായിരുന്നില്ല. ഒരുവര്‍ഷം മുന്‍പ് മോതിരം കൊടുത്തിരുന്നതായും തന്റെ മരണത്തിന് ശേഷം ചെലവാക്കാന്‍ അതേയുള്ളൂ, വിറ്റ് ചെലവാക്കാന്‍ വേറൊന്നുമില്ലെന്ന് ഉമ്മ പറഞ്ഞതായും ബദറുദ്ദീന്‍ പറയുന്നു.
കൊല്ലപ്പട്ടെ പിതൃസഹോദരന്‍ ലത്തീഫിനോട് അഫാന്‍ പണം ചോദിച്ചിരുന്നതായും ഒന്നര ലക്ഷം രൂപ അഫാന്റെ മാതാവിനെ ലത്തീഫ് ഏല്‍പ്പിച്ചതായും ബദറുദ്ദീന്‍ പറഞ്ഞു. അതേസമയം, പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ഒരു മാസമായി മദ്യപിക്കാറുള്ളതായി പ്രതി ഡോക്ടര്‍മാരോട് സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് രാവിലെ 10 മണിമുതല്‍ വൈകീട്ട് നാലുമണിവരെ പ്രതി അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി ആദ്യം ആക്രമിച്ചത്. കാന്‍സര്‍ രോഗിയായ മാതാവിനോട് പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാല്‍ ആക്രമിച്ചെന്നാണ് പ്രതിയുടെ മൊഴി. ഗുരുതര പരിക്കേറ്റ ഇവര്‍ വെന്റിലേറ്ററിലാണ്.
തുടര്‍ന്ന് ഉച്ചയ്ക്ക് പാങ്ങോട്ടെ വീട്ടിലെത്തി പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തി. തുടര്‍ന്ന് ഇവരുടെ സ്വര്‍ണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോള്‍ പിതൃസഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങി വൈകീട്ട് ഒടുവില്‍ സഹോദരന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഹ്‌സാനെ (13) വീട്ടില്‍ വെച്ച് കൊന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ വെച്ച് കുളിച്ച് വസ്ത്രം മാറി ആറുമണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നത്.