പത്തനംതിട്ട: ഇടതുപക്ഷ പുരോഗമനവാദികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന ആരോപണവുമായി പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റിയ ബിന്ദു അമ്മിണി . സര്‍ക്കാര്‍നിലപാട് മാറ്റത്തെ സാധാരണ ജനങ്ങള്‍ വളരെ പരിഹാസത്തോടെയാണ് കാണുന്നത്. ആര്‍ക്കുവേണ്ടിയാണ് ഇത്തരം നിലപാട് മാറ്റുന്നത് എന്ന് മനസിലാവുന്നില്ല. നവോത്ഥാനമൂല്യത്തെയും കോടതി വിധികളെയും കാറ്റില്‍ പറത്തിക്കൊണ്ട്, ഞങ്ങള്‍ വിശ്വാസം സംരക്ഷിക്കും, ഞങ്ങള്‍ ആചാരം സംരക്ഷിക്കും, ഞങ്ങള്‍ ഇത്തരം പിന്തിരിപ്പന്‍മ്മാരെ പിന്തുണയ്‌ക്കും എന്ന് പറയുന്ന തരത്തിലുള്ള നിലപാടാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.
ഇക്കാര്യത്തില്‍ ഞാന്‍ മുഖ്യമന്ത്രിക്ക് മെയില്‍ അയച്ചിരുന്നു അതുപോലെ ഒരു ഓപ്പണ്‍ ലെറ്റര്‍ ഫേസ്ബുക്കിലൂടെ പബ്ലിഷ് ചെയ്തിരുന്നു. പക്ഷെ അതിന് ഒരു മറുപടിയും ലഭിച്ചിട്ടില്ല, പക്ഷെ മന്ത്രി വി എന്‍ വാസവന്‍ പരസ്യമായി ഒരു പ്രസ്താവന നടത്തി ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ല എന്ന് പറഞ്ഞു. അപ്പൊ എന്റെ കത്തിന് ഓപ്പണായി തന്നെ മറുപടി പറഞ്ഞതായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.
എന്നെ വലിയ രീതിയില്‍ ആക്രമിക്കുകയും, വീട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത സമയത്ത് എന്നെ സിപിഎം സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ ആളുകള്‍ ആ സമയത്ത് എനിക്ക് സംരക്ഷണം തന്നിട്ടുണ്ട്. ആ സമയത്തെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ നമ്മളെ ബലപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ പിന്നീട് ് അത് കണ്ടില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു.