ന്യൂഡൽഹി: ബി.എസ്.എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബി.എസ്.എഫ് 182ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പി.കെ. സിങ്ങിനെയാണ് പാക് സൈന്യം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യ-പാക് അതിർത്തിയിൽ കാവലിലുണ്ടായിരുന്ന ജവാൻ പതിവ് പരിശോധനക്കിടെ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു.
യൂണിഫോമിലായിരുന്ന ജവാന്‍റെ കയ്യിൽ സർവിസ് റിവോൾവറുമുണ്ടായിരുന്നു. കർഷകരോടൊപ്പം പോകുമ്പോൾ തണലിൽ വിശ്രമിക്കാൻ ഇടംതേടിയപ്പോൾ അതിർത്തി കടക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്.