
തിരുവനന്തപും: ടി.കെ. മഹാദേവന്‍ എന്ന പഴയ കാല സിനിമയിലെ തമിഴ് നടന്‍ അഭിനയത്തിലൂടെ എല്ലാം നേടി പേര്, പ്രശസ്തി, പണം. പണച്ചാക്കായ ഒരാളുടെ മകളെ വിവാഹവും ചെയ്തു. ബിസിനസുകാരനായ അയാള്‍ക്ക് മരുമകന്റെ പ്രശസ്തിയായിരുന്നു ആവശ്യം. പക്ഷെ യഥാര്‍ത്ഥ പ്രണയം ടി.കെ. മഹാദേവന്‍ ഒരു പുതുമുഖനടിയായി എത്തുന്നവളിലൂടെ അറിയുന്നു. ഇതേ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും മാനസികപിരിമുറുക്കവുമാണ് ദുല്‍ഖറിന്റെ പുതിയ സിനിമയായ കാന്തയിലെ കേന്ദ്രബിന്ദു. വെറും ഒരു നാടകനടനായ ടി.കെ. മഹാദേവനിലെ അഭിനയസാധ്യതകണ്ടാണ് സംവിധായകന്‍ അയാളെ സിനിമാരംഗത്ത് കൊണ്ട് വരുന്നത്. പക്ഷെ ആദ്യ സിനിമയിലൂടെ തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്ന അയാള്‍ തന്നെ കൈപിടിച്ചുകൊണ്ടുവന്ന സംവിധായകനില്‍ ഒതുങ്ങാന്‍ തയ്യാറല്ലായിരുന്നു. ഇത് സംവിധായകനും മഹാദേവനും തമ്മില്‍ അകലാന്‍ കാരണമായി. ഇതും സിനിമയില്‍ ഒരു സമാന്തര തന്തുവായി വികസിക്കുന്നു. ഈ സംവിധായകന്റെ റോളില്‍ എത്തുന്നത് സമുദ്രക്കനിയാണ്. അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കി.
ഇതില്‍ എടുത്തു പറയേണ്ടത് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ അഭിനയപാടവും തന്നെ. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടനെ അനായാസം ദുല്‍ഖര്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ആത്മവിശ്വാസം ഏറെയുള്ള ഒരു നടനെയാണ് ദുല്‍ഖറില്‍ ഇവിടെ കാണുന്നത്. പഴയ കാലത്തെ ക്ലാസിക്കല്‍ സിനിമയിലെ അമിതാഭിനയശൈലി സ്വാഭാവികത ചോരാതെ ദുല്‍ഖര്‍ സ്ക്രീനില്‍ കൊണ്ടുവരുന്നു.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത കഥ പറയുന്നത്. അഭിനയത്തിന്റെ സൂക്ഷ്മ രസതന്ത്രം സ്വായത്തമാക്കിയ നടനായി ദുല്‍ഖര്‍ മാറുകയാണ്. പുതുമുഖ നടിയായി ടി.കെ. മഹാദേവന്‍ എന്ന മഹാനടന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീയുടെ റോള്‍ ഭാഗ്യശ്രീ ഭോര്‍സെയും തനിമ ചോരാതെ പകര്‍ത്തിയിരിക്കുന്നു.ഭാഗ്യശ്രീ ബോര്‍സെയ്‌ക്ക് ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രമാണിതില്‍. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദ്യപകുതി അവസാനിക്കുന്നത് പുതുമുഖ നടിയെ ആരോ നിറയൊഴിച്ച് കൊല്ലുന്ന രംഗത്തിലാണ്. രണ്ടാം പകുതിയില്‍ ഈ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഹാസ്യവും സസ്പെന്‍സും ഗൗരവവും മാറി മാറി അണിഞ്ഞ് കഥയുടെ പിരിമുറുക്കം ആസ്വാദ്യകരമാക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥനായി റാണ ദഗ്ഗുബട്ടി.
പഴയ ക്ലാസിക്കല്‍ സിനിമയുടെ ഘടനയില്‍ നിന്നുകൊണ്ട് സിനിമ ചെയ്യാന്‍ ശ്രമിച്ച സംവിധായകന്‍ സെല്‍വമണി സെല്‍വരാജ് അഭിനന്ദനം അര്ഹിക്കുന്നു. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് സബ്ടൈറ്റിലോടെ തമിഴില്‍ നിര്‍മ്മിച്ച പടമായതിനാല്‍ ആസ്വാദനത്തിന് ഭാഷ ഒരു പരിമിതിയാണ്. പക്ഷെ പഴയകാല തമിഴിലുള്ള ഡയലോഗുകളാല്‍ നിറഞ്ഞ ഈ സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുക അസാധ്യവുമാണ്. അതിനാലായിരിക്കണം ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ഈ ദൗത്യം ഉപേക്ഷിച്ചത്. പക്ഷെ ജീവിതത്തിലെ പിരിമുറുക്കങ്ങളും അതിവൈകാരികരംഗങ്ങളും ചേരുമ്പോള്‍ പേക്ഷകര്‍ അറിയാതെ സിനിമയിലേക്ക് അലിഞ്ഞുചേരും.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് സിനിമ നിര്‍മ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ് തന്നെയാണ്.
കൊച്ചി: ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കിയും ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളടങ്ങുന്ന രംഗങ്ങളടക്കം റീ എഡിറ്റ് ചെയ്തും ഹാല്‍ സിനിമ വീണ്ടും സെന്‍സറിംഗിന് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ക്രൈസ്തവ ബിഷപ്പിന്റെ കഥാപാത്രത്തിലടക്കം സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഭൂരിപക്ഷം രംഗങ്ങളും നിലനിര്‍ത്താമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സെന്‍സറിംഗിന് വീണ്ടും അപേക്ഷ കിട്ടിയാല്‍ രണ്ടാഴ്ചയ്‌ക്കുളളില്‍ തീരുമാനമെടുക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. കോടതി ഉത്തരവിലാണ് ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങളുള്ളത്.