ന്യൂഡല്‍ഹി: സംസ്ഥാന ബാര്‍ കൗണ്‍സിലുകളോ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോ എന്റോള്‍ ചെയ്യുന്ന നിയമ ബിരുദധാരികളില്‍ നിന്ന് നിയമപ്രകാരമുള്ള ഫീസ് ഒഴികെ മറ്റ് ഫീസുകള്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി. അത്തരം ഫീസ് ഈടാക്കുന്നത് നിര്‍ത്താന്‍ കര്‍ണാടക ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടുകയും ചെയ്തു.
നിയമ ബിരുദധാരികളില്‍ നിന്ന് അമിത ഫീസ് ഈടാക്കരുതെന്ന് നിര്‍ദേശിച്ച് 2024 ജൂലൈയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് കിരണ്‍ ബാബു എന്ന വ്യക്തി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകളും കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഐ.ഡി കാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമനിധി, പരിശീലനം എന്നിവക്കായി കര്‍ണാടക സംസ്ഥാന ബാര്‍ കൗണ്‍സില്‍ ഈടാക്കുന്ന 6,800 രൂപയും നിയമപരമായ ഫീസിനു മുകളില്‍ ഈടാക്കുന്ന 25,000 രൂപയും ഐച്ഛികമാണെന്നും നിര്‍ബന്ധമല്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
എന്നാല്‍, ഐച്ഛികം എന്നൊന്നില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബാര്‍ കൗണ്‍സിലോ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോ ഏതെങ്കിലും ഫീസ് ഐച്ഛികമായി പിരിക്കരുത്. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഫീസ് പിരിക്കേണ്ടതെന്നും ബെഞ്ച് പറഞ്ഞു.