
ലിസ്ബന്‍: ഇഎഫ്എല്‍ കപ്പ് 2025-26 ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു, ഈ ക്ഷീണം തീരും മുമ്പേ രണ്ട് ദിവസം മുന്‍പ് എഫ് എ കപ്പ് ക്വാര്‍ട്ടറില്‍ സൗതാംപ്ടണിന് മുന്നില്‍ അടിപതറി വീണു. തോല്‍വിക്ക് പിന്നാലെ കോച്ച് മൈക്കല്‍ അര്‍ട്ടേറ്റ നടത്തിയ പ്രസ്താവനയില്‍ താരങ്ങളെ വിമര്‍ശകര്‍ക്ക് മുന്നിലേക്ക് തള്ളിവിടാതെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞത് എല്ലാ കുറ്റവും താന്‍ ഏറ്റെടുക്കുന്നുവെന്നാണ്. ഒപ്പം മറ്റൊരു ആത്മവിശ്വാസം കൂടി 44കാരനായ അദ്ദേഹം പ്രകടിപ്പിച്ചു.
സീസണ്‍ തീര്‍ന്നില്ലല്ലോ ചാമ്പ്യന്‍സ് ലീഗ് ബാക്കിയുണ്ട്, മാത്രമല്ല പ്രീമിയര്‍ ലീഗിലും ഞങ്ങളാണ് ഇപ്പോഴും മുന്നില്‍- എന്നായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ എവേ പോരാട്ടം അര്‍ട്ടേറ്റയുടെ ആഴ്‌സണലിന് ജീവന്‍ മരണ പോരാട്ടമാണ്. ഇതില്‍ മുന്‍തൂക്കം നേടാനായാല്‍ അടുത്തയാഴ്‌ച്ച സ്വന്തം എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ രണ്ടാം പാദ ക്വാര്‍ട്ടറില്‍ സമ്മര്‍ദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ കളിക്കിറങ്ങാന്‍ സാധിക്കും. ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ ഫോര്‍മാറ്റില്‍ പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചുകൊണ്ട് നോക്കൗട്ടില്‍ പ്രവേശിച്ച ആദ്യടീം എന്ന ചരിത്രം കുറിച്ചതിന്റെ പകിട്ട് കൂടി ആഴ്‌സണലിന് ഇത്തവണയുണ്ട്. പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍ കരുത്തരായ ലെവര്‍കുസനെ തകര്‍ത്താണ് എത്തിയിരിക്കുന്നത്. ആഴ്‌സണലിന്റെ എതിരാളികളായ സ്‌പോര്‍്ടിങ് പ്രീക്വാര്‍ട്ടറില്‍ ബോഡോയെ മറികടന്നാണ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. അട്ടിമറി ജയത്തിലൂടെ മുന്നേറാനൊരുങ്ങുന്നവരുടെ വമ്പും ഇന്ന് കണ്ടറിയാം.