പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷോയ്ബ് അഖ്തർ, ഗെയിം ഓൺ എന്ന ഒരു ടിവി ക്രിക്കറ്റ് വിവരണ പരിപാിയിൽ അമിതാഭ് ബച്ചനുമായി സംസാരിക്കുമ്പോൾ പറ്റിയ നാവുപിഴയായിരുന്നു അത്. ‘അഭിഷേക് ബച്ചൻ’ നല്ലപോലെ കളിച്ചുവെന്ന് അഭിപ്രായപ്പെട്ടു. ഏഷ്യാ കപ് ഫൈനലിലെ ഭാരത-പാക് ക്രിക്കറ്റ് കളിയായിരുന്നു വിശകലനം ചെയ്തിരുന്നത്. അഭിഷേക് ശർമ്മയെക്കുറിച്ചാണ് അഖ്തർ പറഞ്ഞത്. പക്ഷേ, അത് അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചന്റെ പേരായിപ്പോയി പറഞ്ഞത്.
അഖ്തറിനെ ഇതിന്റെ പേരിൽ പലരും സാമൂഹ്യ മാധ്യമത്തി ട്രോൾ ചെയ്തു. അച്ഛൻ ബച്ചനും മകൻ ബച്ചനും ഈ തമാശ പങ്കുവെച്ചു. ബച്ചൻ സീനിയർ കളിയായും കാര്യമായും പറഞ്ഞു.
എന്നാൽ, അഖ്തറിന്റെ വാക്കുപിഴച്ചതു മാത്രമാണോ. ആകണമെന്നില്ല. പാകിസ്ഥാൻകാർ പൊതുവേ ഭാരത സിനിമകളുടെ ആരാധകരാണ്. പാകിസ്ഥാനിൽ ഇപ്പോഴും ടിവികളിൽ അമിതാഭ് ബച്ചന്റെ സിനിമകൾക്ക് ഏറെ കാഴ്ചക്കാരാണ്. അഖ്തർ ബച്ചന്റെ മുന്നിൽ ഇരുന്നപ്പോൾ ആ ആരാധനയിലായിരുന്നിരിക്കുമോ?
അതുമാത്രമല്ല, അഭിഷേക് ബച്ചൻ അഭിനയിച്ച ‘ഘൂമർ’ എന്ന സിനിമയായിരുന്നിരിക്കുമോ അഖ്തറിന്റെ ഓർമ്മയിൽ. ആയിരിക്കാൻ ഇടയേറെയാണ്. ആ സിനിമയിൽ ജൂനിയർ ബച്ചൻ ക്രിക്കറ്റ് കോച്ചാണ്. ഒറ്റക്കൈ മാത്രമുള്ള വനിതാ ക്രിക്കറ്ററെ പരിശീലിപ്പിച്ച് ആർക്കും അവിശ്വസനീയമായ വൻ വിജയത്തിലെത്തിച്ച പരിശീലകൻ.
ആർ. ബാൽക്കി രചനയും സംവിധാനവും നിർവഹിച്ച ഈ ഹിന്ദി ചിത്രം 2023-ൽ പുറത്തിറങ്ങി. യഥാർത്ഥ കഥ ആസ്പദമാക്കിയുള്ളതാണ് സിനിമ. ഘൂമർ; ‘സ്പിന്നർ’എന്നാണർത്ഥം. ഷബാന ആസ്മി, അഭിഷേക് ബച്ചൻ, സയാമി ഖേർ, അംഗദ് ബേദി എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. അസാമാന്യമായ സ്‌പോർട്‌സ് പ്രൊമോഷനും പ്രേരണയുമായ ഈ ചിത്രം മെൽബണിൽ 2023ൽ നടന്ന 12-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ലോകം മുഴുവൻ കണ്ട പ്രശംസിച്ചതാണ് ചിത്രം.
ഘൂമറിന്റെ കഥ ഇങ്ങനെയാണ്:
ഒരു മിന്നുന്ന ബാറ്റിംഗ് പ്രതിഭയായിരുന്ന അനീന ‘അനി’ ദീക്ഷിത് എന്ന വനിതാ ക്രിക്കറ്റർക്ക് ഒരപകടത്തിൽ വലതു കൈ പോയി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം കളിക്കളത്തിൽ നേടാതെപോയ പദം ‘പാഡി’ സിംഗ് സോധി ബൗളിംഗിൽ പുതിയ സാങ്കേതികത പഠിപ്പിച്ച് അവളെ കളിക്കളത്തിലിറക്കി. സ്പിന്നിംഗ് അല്ലെങ്കിൽ ‘ഗൂമർ’, അവർ രണ്ടുപേരും കണ്ടുപിടിച്ച ഒരു പുതിയ ബൗളിങ് രീതിയായി. അവൾ കളിച്ച് രാജ്യത്തിന്റെ ടീമിനെ വിജയിപ്പിച്ചു. പരിശീലകൻ ആയ പാഡി ആയിരുന്നു അഭിഷേക് ബച്ചൻ.
അഖ്തറിന്റെ മനസ്സിൽ അസാധ്യമായത് സാധിക്കുന്ന ആ പരിശീലകന്റെ കഥ ഭാരത ടീമിന്റെ ദുബായ് ഏഷ്യാ കപ്പ് ഫൈനലിലെ പ്രകടനത്തിന്റെ വേളയിൽ മനസ്സിൽ വന്നിട്ടുണ്ടാവുമോ? ക്രിക്കറ്റിലെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന അഖ്തർക്കും ദുബായ് കളിക്കളത്തിൽ കളിച്ച പാക് ടീമിനെപ്പോലെ മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ടതായിരിക്കുമോ? എന്തായാലും കളിക്കളത്തിലും കളത്തിനു പുറത്തുമെന്നല്ല സകല വേദികളിലും പാകിസ്ഥാന്റെ പതർച്ചയാണ് ഇപ്പോൾ ചർച്ചകൾ.