കൊല്ലം: അമിതമായി അയണ്‍ ഗുളികകള്‍ കഴിച്ച ആറ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.
ആരോഗ്യവകുപ്പ് സ്‌കൂള്‍ വഴി വിതരണം ചെയ്ത ഗുളികകളാണ് കുട്ടികള്‍ കൂടുതലായി കഴിച്ചത്. വീട്ടില്‍കൊണ്ടുപോകാന്‍ കുട്ടികളുടെ കൈവശം സ്‌കൂള്‍ അധികൃതര്‍ ഗുളികകള്‍ നല്‍കിയത് സ്‌കൂളില്‍ വച്ച് തന്നെ ആറ് കുട്ടികള്‍ കഴിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഗുളിക ആദ്യം കഴിച്ചപ്പോള്‍ മധുരം തോന്നി വീണ്ടും കഴിച്ചുവെന്നും സഹപാഠികളുടെ ഗുളിക കൂടി ചിലര്‍ വാങ്ങി കഴിച്ചുവെന്നുമാണ് അറിയുന്നത്. 20 ഗുളിക വരെ ചികിത്സയിലുള്ള ചില കുട്ടികള്‍ കഴിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നാല് കുട്ടികള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേര്‍ കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.