ന്യൂഡൽഹി
സംഘപരിവാറിന്റെ ദളിത്–- പിന്നോക്ക വിരുദ്ധതയ്ക്കെതിരെ രാജ്യമെമ്പാടും രോഷം പടര്‍ത്തികൊണ്ടാണ് 26 ദിവസം നീണ്ട പാർലമെന്റിന്റെ ശീതകാല സമ്മേളനം സമാപിക്കുന്നത്. ഭരണഘടനാശിൽപി ഡോ. ബി ആർ അംബേദ്‌കറെ അവഹേളിക്കുന്ന അമിത് ഷായുടെ പ്രസംഗം ദേശീയതലത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി. പ്രതിപക്ഷം ഒറ്റക്കെട്ടായി ഷായുടെ രാജി ആവശ്യപ്പെട്ടു. വിശ്വസ്‌തനെ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷായുടെയും ബിജെപിയുടെയും അംബേദ്‌കർ വിരുദ്ധതയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർടികൾ.
ഭരണഘടനയുടെ 75–-ാം വാർഷികം മുൻനിർത്തി ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ രണ്ടുമണിക്കൂർ മറുപടിയോടെ പ്രതിപക്ഷ വിമർശനങ്ങളുടെയെല്ലാം മുനയൊടിഞ്ഞെന്നായിരുന്നു ബിജെപിയുടെ വാദം. അദാനി, മണിപ്പുർ, സംഭൽ വെടിവയ്‌പ്പ്, ബംഗ്ലാദേശ് സംഭവവികാസം, സാമ്പത്തികപ്രതിസന്ധി, കാർഷിക പ്രശ്നങ്ങൾ തുടങ്ങി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഭരണപരാജയങ്ങൾക്കൊന്നും മോദി മറുപടി നൽകിയില്ല. നെഹ്‌റുവിനെ പരിഹസിക്കുകയും അടിയന്തരാവസ്ഥ ഉൾപ്പെടെ കോൺഗ്രസിന്റെ ഭരണഘടനാവിരുദ്ധ നടപടി വിശദീകരിക്കുകയും മാത്രമാണ് മോദി ചെയ്‌തത്.
മോദിയുടെ ലോക്‌സഭാ പ്രസംഗത്തിന്റെ ആവർത്തനമായിരുന്നു രാജ്യസഭയിലെ അമിത് ഷായുടെ മറുപടി. അംബേദ്‌കറെ കോൺഗ്രസ് ഏതെല്ലാം വിധം ദ്രോഹിച്ചുവെന്ന് വിശദീകരിക്കാൻ ശ്രമിച്ചപ്പോഴാണ് ഭരണഘടനാ ശിൽപിയോടുള്ള സംഘപരിവാറിന്റെ വെറുപ്പും പുച്ഛവും അമിത് ഷായിലൂടെ പുറത്തുവന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ ബിജെപി പതറി. വിഷയം മാറ്റാൻ പാർലമെന്റിനെ കലാപഭൂമിയാക്കി.
കേവലഭൂരിപക്ഷമില്ലാത്ത സർക്കാർ പാർലമെന്റിൽ തുടർച്ചയായി പതറുകയാണ്. ലോക്‌സഭയും രാജ്യസഭയും തുടർച്ചയായി സ്‌തംഭിച്ചു. പല വിഷയങ്ങളിലും പ്രതിരോധം സാധ്യമാകാതെ വന്നപ്പോൾ അപ്രസക്ത വിഷയങ്ങൾ ഉയർത്തി നടപടി തടസപ്പെടുത്താൻ ഭരണകക്ഷി മുന്നിട്ടിറങ്ങി. പാർലമെന്റിൽ പ്രതിപക്ഷ ഐക്യം തുടർന്നാൽ ഏകാധിപത്യശൈലി തുടരുക എളുപ്പമാവില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ