ഇംഫാൽ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കർശന മുന്നറിയിപ്പിനെ തുടർന്നും മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയുടെ ആവശ്യപ്രകാരവും നാല് ജില്ലകളിലെ വിഘടനവാദികൾ പോലീസിന് ആയുധങ്ങൾ കൈമാറി. ഇംഫാൽ ഈസ്റ്റ് , ബിഷ്ണുപൂർ, ജിരിബാം, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിലാണ് കൂടുതലായും ആയുധങ്ങൾ സുരക്ഷാസേനയ്‌ക്ക് തീവ്രവാദികൾ കൈമാറിയത്.
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെഎസ്ഡിപിഒ പോരാമ്പാട്ട് ഓഫീസിൽ 9 എംഎം പിസ്റ്റളുകൾ, ആന്റി-റയട്ട് തോക്കുകൾ, .303 റൈഫിളുകൾ, സ്റ്റൺ ഷെല്ലുകൾ, കണ്ണീർ വാതക ഷെല്ലുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ ക്രിമിനലുകൾ കൈമാറിയെന്ന് പോലീസ് പറഞ്ഞു. ബിഷ്ണുപൂർ ജില്ലയിലെ 10 ബിഎൻ ബിഎസ്എഫ് ലോക്തക് കേന്ദ്രത്തിൽ 12 ബോർ സിംഗിൾ ബാരൽ തോക്കുകൾ, 303 റൈഫിളുകൾ, വിവിധ തരം ഗ്രനേഡുകൾ, നാടൻ പിസ്റ്റളുകൾ, വയർലെസ് സെറ്റുകൾ, ഹെൽമെറ്റുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കവറുകൾ, ബുള്ളറ്റ് പ്രൂഫ് പ്ലേറ്റുകൾ, 70 എംഎം നാടൻ മോർട്ടാറുകൾ എന്നിവയും കൈമാറി.
കൂടാതെ ജിരിബാം ജില്ലയിലെ വിഘടനവാദികളും ആയുധങ്ങൾ കൈമാറാൻ മുൻകൈയെടുത്തിട്ടുണ്ട്. ജിരിബാം പോലീസ് സ്റ്റേഷനിൽ തദ്ദേശീയമായി നിർമ്മിച്ച എസ്ബിബിഎൽ തോക്കുകൾ, ഡബിൾ ബാരൽ തോക്കുകൾ, 12 ബോർ കാട്രിഡ്ജുകൾ, 7.62 എംഎം, 5.56 എംഎം റൗണ്ടുകൾ, എകെ-47, എസ്എൽആർ മാഗസിനുകൾ എന്നിവ ഇവിടെയുള്ള ആളുകൾ കൈമാറിയിട്ടുണ്ട്. കൂടാതെ എസ്എൽആർ റൈഫിളുകൾ, ഡബിൾ ബാരൽ തോക്കുകൾ, ഹാൻഡ് ഗ്രനേഡുകൾ, കാർബൈനുകൾ, മാഗസിനുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബൂട്ടുകൾ, ഹെഡ് ഗിയർ, മറ്റ് വസ്തുക്കൾ എന്നിവയും ഇംഫാൽ വെസ്റ്റ് ജില്ലയിലെ വാംഗോയ് പോലീസ് സ്റ്റേഷനിലും സെക്മായ് പോലീസ് സ്റ്റേഷനിലും കൈമാറി.
അതേ സമയം കഴിഞ്ഞ ദിവസം മണിപ്പൂരിലെ കുന്നിൻ പ്രദേശങ്ങളിലും താഴ്‌വര ജില്ലകളിലും സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലംസാങ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സായ്‌റാംഖുൽ പ്രദേശത്ത് നിന്ന് ഇന്ന് പുലർച്ചെ ആയുധ ശേഖരം കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
നേരത്തെ മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂദൽഹിയിൽ ഉന്നതതല അവലോകന യോഗം ചേർന്നിരുന്നു. മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും പൊതുജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണമെന്നും തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് മണിപ്പൂരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും യോഗത്തിൽ അമിത് ഷാ പറഞ്ഞു.
മണിപ്പൂരിന്റെ അന്താരാഷ്‌ട്ര അതിർത്തിയിലെ നിയുക്ത എൻട്രി പോയിന്റുകളുടെ ഇരുവശത്തുമുള്ള വേലി കെട്ടൽ ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും അമിത് ഷാ നിർദ്ദേശിച്ചു. കൂടാതെ മണിപ്പൂരിനെ മയക്കുമരുന്ന് വിമുക്തമാക്കാൻ, മയക്കുമരുന്ന് വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ ശൃംഖലയെയും ഇല്ലാതാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.