
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി-എന്‍ഡിഎ പ്രതിനിധികളെ നേരിട്ടുകണ്ട് അഭിനന്ദിക്കാന്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ, തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രസംഗം സംസ്ഥാനത്തെ ബിജെപിക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് ബിജെപിക്ക് മേയറുണ്ടായെങ്കില്‍ നാളെ കേരളത്തില്‍ ബിജെപിക്ക് മുഖ്യമന്ത്രിയെ ലഭിക്കുമെന്നുള്ള അമിത് ഷായുടെ വാക്കുകള്‍ ആവേശദായകമാണ്.
വിദേശങ്ങളില്‍ ജോലിക്കു പോയ ചെറുപ്പക്കാരുടെ പണം കൊണ്ടാണ് കേരളത്തിലെ വളരെയധികം കുടുംബങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതെന്നും, ഇതിനുമപ്പുറം സംസ്ഥാനത്തിന്റെ സമഗ്ര വികസനം കൊണ്ടുവരാന്‍ ബിജെപി അധികാരത്തിലെത്തണമെന്നുംഅദ്ദേഹം പറഞ്ഞു. കേരളം ആറുപതിറ്റാണ്ടിലേറെ ഭരിച്ചു മുടിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പൊള്ളയായ അവകാശവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അമിത് ഷാ പറയുന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യം നിരവധി സാമ്പത്തിക വിദഗ്ധര്‍ ഇതിനുമുന്‍പ് അടിവരയിട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും മാറിമാറി അധികാരത്തില്‍ എത്തുകയും, ഭരണത്തില്‍ ഒത്തുകളിക്കുകയും ചെയ്യുന്നതിനാല്‍ ശരിയായ വികസനത്തിനു വേണ്ട കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനും, പദ്ധതികള്‍ ആവിഷ്‌കരിക്കാനും കഴിയുന്നില്ല. ഇതിന്റെ ദുരന്തഫലമാണ് കേരളത്തിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും പിന്തുണയോടെ ഇതിനൊരു മാറ്റം വരുത്താന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നതാണ് അമിത് ഷാ പറഞ്ഞതിന്റെ അര്‍ത്ഥം.
ശബരിമല ക്ഷേത്രത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തില്‍, കാലങ്ങളായി നടന്ന സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേരള സന്ദര്‍ശനം. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സ്വര്‍ണക്കൊള്ളയ്‌ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ഉചിതമായ ഏജന്‍സികളെ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ ഏതുവിധേനയും തടയാന്‍ ശ്രമിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയുടെ അനുമതി നേടിയതിനുപിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വര്‍ണ്ണക്കൊള്ള നടത്തിയവരുടെയും ഉറക്കം കെടുത്തും.
എല്‍ഡിഎഫും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന ജിഹാദി പ്രീണനത്തിന്റെയും വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെയും മുഖംമൂടി അമിത് ഷാ വലിച്ചുകീറി. ഇരു മുന്നണികളും ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിങ്ങനെയുള്ള മതതീവ്രവാദ സംഘടനകളുടെ പിന്നാലെയാണെന്നും, ഇവരുടെ വിഭജന അജണ്ടയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെയും അനുഭവസാക്ഷ്യമാണ്. ഓരോ തെരഞ്ഞെടുപ്പിലും ഈ മതവിതീവ്രവാദ സംഘടനകളെ ഇരുമുന്നണികളും ഒപ്പം നിര്‍ത്തുന്നതാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങള്‍ കാണുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന്, ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയുണ്ടാകണമെന്ന അമിത് ഷായുടെ വാക്കുകള്‍ ബിജെപി, തങ്ങള്‍ക്കുള്ള ആഹ്വാനമായി ഏറ്റെടുക്കണം. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാണ്. വികസനത്തിന്റെ കാര്യത്തിലായാലും വിശ്വാസ സംരക്ഷണത്തിന്റെ പ്രശ്‌നം വരുമ്പോഴും ജിഹാദി ശക്തികളെ ഒറ്റപ്പെടുത്താനും കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ത്രിപു
രയില്‍ കണ്ടതുപോലെ രണ്ടര പതിറ്റാണ്ടു നീണ്ട ഇടതു ഭരണത്തെ തുടച്ചുനീക്കാന്‍ സിപിഎമ്മിനൊപ്പം ഇന്‍ഡി മുന്നണിയില്‍ അംഗമായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുകൊണ്ട് കഴിയില്ലെന്ന പരമാര്‍ത്ഥം ജനങ്ങള്‍ മനസ്സിലാക്കണം. ഈ സാഹചര്യത്തില്‍, ശരിയായ ബദല്‍ രാഷ്‌ട്രീയം ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ പിന്തുണ നേടാന്‍ ബിജെപിക്ക് കഴിയും. തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും അടക്കം ബിജെപിക്ക് അനുകൂലമായുണ്ടായ ജനമുന്നേറ്റം ത്രിപുരയുടെ തിരനോട്ടമാണ്.