സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകളാണ് റിപ്പോര്‍ട്ട് ചയ്തത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയില്‍ മാത്രം 117 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ഈ വര്‍ഷം സംസ്ഥാനത്താകെ 20000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം കൂടുതല്‍ ബാധിക്കുന്നത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണെന്നാണ് കണ്ടെത്തല്‍.
ഒരു വൈറസ് ജന്യ രോഗമാണ് മുണ്ടിനീര്. പാരാമിക്‌സോ വൈറസ് എന്ന വിഭാഗത്തില്‍പെട്ട വൈറസാണ് മുണ്ടിനീര് പകര്‍ത്തുന്നത്. പനി, കവിള്‍ തടത്തിലെ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വേദനയും ലക്ഷണങ്ങളും ഉണ്ടാകുമ്പോള്‍ കൃത്യമായ രോഗനിര്‍ണയത്തിനായി ഒരു ഡോക്ടറെ കാണണം. ഗ്രന്ഥിയുടെ വീക്കം മംപ്‌സ് വൈറസ് മൂലമാകണമെന്നില്ല, മറിച്ച് മറ്റ് വൈറസുകളോ ബാക്ടീരിയകളോ മൂലമാകാം. രോഗലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനും പനി കുറയ്ക്കുന്നതും വേദന കുറയ്ക്കുന്നതുമായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരംമാത്രം ഉപയോഗിക്കുക.
രോഗം ബാധിച്ച ഉമിനീര്‍ വഴിയാണ് വൈറസ് എളുപ്പത്തില്‍ പടരുന്നത്. ചുമയോ തുമ്മലോ അല്ലെങ്കില്‍ സംസാരം വഴി പുറത്തുവിടുന്ന രോഗബാധിതമായ വായു തുള്ളികള്‍ ശ്വസിച്ച് മറ്റ് ആളുകളിലേക്കും രോഗം പടരാം.
ലക്ഷണങ്ങള്‍
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസം നേരിടും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങള്‍ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
പകര്‍ച്ച
വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗ ലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകാനും സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകര്‍ന്നിരിക്കും എന്നതിനാല്‍ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.
പ്രതിരോധം
അസുഖ ബാധിതര്‍ പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. സാധാരണയായി 1 മുതല്‍ 2 ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്.