• Sat. Nov 2nd, 2024

24×7 Live News

Apdin News

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ; ആരുതൊടും, മാജിക്ക്‌ നമ്പർ 270

Byadmin

Nov 2, 2024



വാഷിങ്ടൺ
നവംബര് അഞ്ചിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാന്ത്രികസംഖ്യയായ- 270 കിട്ടുന്നതാർക്ക് എന്ന് ഉറ്റുനോക്കുകയാണ് ലോകം. ആകെ 50 സംസ്ഥാനങ്ങളിലെ ഇലക്ടറൽ കോളേജുകളിലുള്ള മൊത്തം 538 വോട്ടിൽ ജയിക്കാനാവശ്യമായ വോട്ടുകളുടെ എണ്ണമാണ് 270. ആകെ പോൾ ചെയ്യുന്ന വോട്ടിൽ കൂടുതൽ ലഭിക്കുന്നവരല്ല, മറിച്ച്, ഇലക്ടറൽ കോളേജ് വോട്ടുകളിൽ മുന്നിലെത്തുന്നവരാണ് ജയിക്കുക. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഇലക്ടറൽ കോളേജ് വോട്ടുകൾ നിർണയിക്കുന്നത്.

സംസ്ഥാനങ്ങളുടെ രാഷ്ട്രീയസ്വഭാവപ്രകാരം കമല ഹാരിസിന് 226ഉം ട്രംപിന് 219ഉം വോട്ട് ലഭിക്കുമെന്നാണ് നിഗമനം. വിജയവര തൊടാൻ കമലയ്ക്ക് 44ഉം ട്രംപിന് 51ഉം വോട്ട് കുറവ്. ഡെമോക്രാറ്റുകളെയോ റിപ്പബ്ലിക്കന്മാരെയോ പിന്തുണയ്ക്കാതെ ചാഞ്ചാടി നിൽക്കുന്ന ഏഴ് ‘തൂക്കു’സംസ്ഥാനങ്ങളിലെ വിധി നിർണായകമാകും. ജയിക്കണമെങ്കിൽ കമലയ്ക്ക് കുറഞ്ഞത് മൂന്ന് തൂക്കുസംസ്ഥാനങ്ങളെ ഒപ്പം നിർത്താനാകണം. ട്രംപിന് നാലും.

ചാഞ്ചാട്ടം എങ്ങോട്ട്
യൂണിയൻ പ്രവർത്തന പാരമ്പര്യമുള്ള ‘റസ്റ്റ് ബെൽറ്റ്’സംസ്ഥാനങ്ങൾ കഴിഞ്ഞ എട്ട് തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകളെ പിന്തുണച്ചു. ഇവ അപ്പാടെ മറുകണ്ടം ചാടിയത് ഒറ്റത്തവണ മാത്രം–- 2016ൽ ട്രംപിനുവേണ്ടി. ഇവിടങ്ങളിലെ കറുത്ത വംശജരായ വോട്ടർമാർക്കിയിൽ തരംഗമുണ്ടാക്കാൻ കമല ശ്രമിക്കുന്നു. ഇത്തവണയും ഗ്രാമീണ മേഖലകൾ ഒപ്പം നിൽക്കുമെന്ന് ട്രംപ് കരുതുന്നു. ജനസംഖ്യയേറിയ പെൻസിൽവാനിയ നിർണായകമാകും.

‘സൺ ബെൽറ്റി’ലെ നാല് തൂക്കുസംസ്ഥാനങ്ങൾ 1948ൽ ഹാരി ട്രൂമാനുശേഷം ഒരിക്കൽപ്പോലും ഒന്നായി ഡെമോക്രാറ്റുകളെ പിന്തുണച്ചിട്ടില്ല. നിക്സൺ, റീഗൻ, ബുഷ്, ബുഷ് ജൂനിയർ എന്നീ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റുമാര് ഇവ നാലും തൂത്തുവാരിയിട്ടുണ്ട്. കറുത്ത വംശജർ ഭൂരിപക്ഷമുള്ള ജോർജിയയിലും നോർത്ത് കാരലീനയിലും മുൻതൂക്കം നേടാനാകുമെന്നാണ് കമലയുടെ പ്രതീക്ഷ. 2020ൽ ആകെ പോൾചെയ്ത കറുത്ത വംശജരുടെ വോട്ടിൽ 92 ശതമാനവും ബൈഡനാണ് ലഭിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് സർവേകളിൽ 78 ശതമാനം കറുത്ത വംശജരും കമലയെ പിന്തുണയ്ക്കുന്നു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തനിക്കൊപ്പം നിന്ന നോർത്ത് കാരലീന ജോ ബൈഡൻ മാറി കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായപ്പോൾ തൂക്കുസംസ്ഥാനമായത് ട്രംപിന് തലവേദനയാണ്. 1980 മുതൽ 2008വരെ ഡെമോക്രാറ്റുകൾക്കൊപ്പം നിന്ന ചരിത്രവും സംസ്ഥാനത്തിനുണ്ട്. 2016ൽ ട്രംപും 2020ൽ ബൈഡനും ഏഴിൽ ആറ് തൂക്കുസംസ്ഥാനവും ജയിച്ചാണ് വൈറ്റ് ഹൗസിൽ എത്തിയത്.

‘തൂക്കു’സംസ്ഥാനങ്ങൾ
യുഎസ് വ്യവസായ നിർമാണ മേഖല ആയിരുന്നതിനാല് ‘റസ്റ്റ് ബെൽറ്റ്’എന്നറിയപ്പെട്ടിരുന്ന വിസ്കോൻസിൻ (10 ഇലക്ടറല്വോട്ട് വോട്ട്), മിഷിഗൻ (15), പെൻസിൽവാനിയ (19) എന്നിവയും ചൂടേറിയ തെക്കൻ സംസ്ഥാനങ്ങളായതിനാല് ‘സൺ ബെൽറ്റ്’ എന്നറിയപ്പെടുന്ന നെവാഡ (ആറ് വോട്ട്), അരിസോണ (11), നോർത്ത് കാരലീന (16), ജോർജിയ (16) എന്നിവയുമാണ് ‘തൂക്കു’സംസ്ഥാനങ്ങൾ. ചാഞ്ചാടുന്ന ഏഴ് സംസ്ഥാനത്തായി ആകെ 93 ഇലക്ടറല് വോട്ട്.

By admin