വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റായി അധികാരറ്റേതിന് പിന്നാലെ ഭാവിനയങ്ങൾ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്നും മറ്റ് വിഭാഗങ്ങളെ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന് തിരിച്ചടി നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ്- മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്‌ക്കുമെന്ന് പറഞ്ഞ് ട്രംപ് എല്ലാ അനധികൃത കുടിയേറ്റവും ഉടൻ തടയുമെന്നും പറഞ്ഞു. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്‌ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും.
മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്‌ക്കുമെന്നും നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും വ്യക്തമാക്കി. വധശ്രമങ്ങളില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചത് അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കാനാണെന്നും ലോകത്തെ ഏറ്റവും ശക്തമായ സൈനികശക്തിയാക്കി അമേരിക്കയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു.
പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കും. കനാലുമായി ബന്ധപ്പെട്ട കരാർ പാനമ ലംഘിച്ചതിനാൽ ആ സമ്മാനം തിരിച്ചെടുക്കും. ചൈനയാണ് കനാൽ നിയന്ത്രിക്കുന്നതെന്ന തെറ്റായ വാദം ട്രംപ് വീണ്ടും ഉന്നയിച്ചു. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവ് വർധിക്കുന്നതും തടയാൻ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും നിർദേശം നൽകും. എണ്ണ, പ്രകൃതിവാതകം ഖനനം വർധിപ്പിക്കും. അമേരിക്ക വീണ്ടും ഉൽപാദക രാജ്യമാക്കി മാറ്റുമെന്നും ട്രംപ് പറഞ്ഞു.