
ന്യൂദൽഹി: അമേരിക്ക ഇറാനെ ആക്രമിച്ചേക്കാമെന്ന സാധ്യത നിലനിൽക്കുന്നതിൽ കനത്ത ആശങ്ക. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ സർക്കാർ പുതിയ ഒരു ഉപദേശം പുറപ്പെടുവിച്ചു. ഈ നിർദ്ദേശത്തിൽ നിലവിൽ ഇറാനിലുള്ള വിദ്യാർത്ഥികളോ, തീർത്ഥാടകരോ, ബിസിനസുകാരോ, വിനോദസഞ്ചാരികളോ ആരുമാകട്ടെ എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും വേഗം സ്ഥലം വിടണമെന്ന് പറയുന്നു.
ജനുവരി 5-ലെ മുൻ ഉപദേശത്തിന്റെ തുടർച്ചയാണിത്. ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് നൽകിയിട്ടുള്ളതാണ് ഈ ഉപദേശം. വിമാന മാർഗങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാർക്ക് ഇറാൻ വിടാമെന്നാണ് മുന്നറിയിപ്പ്.
എല്ലാ ഇന്ത്യൻ പൗരന്മാരും മറ്റ് ഇന്ത്യൻ വംശജരായ വ്യക്തികളും ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവർത്തിച്ചു പറഞ്ഞു.
പ്രതിഷേധങ്ങളോ തിരക്കേറിയ സ്ഥലങ്ങളോ ഒഴിവാക്കണം. ഇറാനിലെ ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തുകയും എന്തെങ്കിലും അപ്‌ഡേറ്റുകൾക്കായി പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്. ഇറാനിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ടുകൾ, ഐഡികൾ തുടങ്ങിയ എല്ലാ യാത്രാ ഇമിഗ്രേഷൻ രേഖകളും തയ്യാറാക്കി വയ്‌ക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും അവർക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.
ഹെൽപ്പ് ലൈൻ നമ്പറുകൾ
ഇന്ത്യൻ എംബസിയുടെ അടിയന്തര കോൺടാക്റ്റ് നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്. +989128109115; +989128109109; +989128109102; +989932179359 എന്നിവയാണ് ഈ മൊബൈൽ നമ്പറുകൾ. എംബസിയുടെ ഇമെയിൽ വിലാസം: [email protected].
ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം
ഇറാനിലെ ഇന്ത്യൻ എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒരു രജിസ്ട്രേഷൻ ലിങ്ക് നൽകിയിട്ടുണ്ട്. അത് എംബസിയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. ഇറാനിലെ ഇന്റർനെറ്റ് പ്രശ്‌നങ്ങൾ കാരണം ഒരു ഇന്ത്യൻ പൗരന് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങൾക്കും ഇത് ചെയ്യാവുന്നതാണ്.