• Wed. Aug 20th, 2025

24×7 Live News

Apdin News

അമേരിക്കൻ രാഷ്‌ട്രീയത്തിൽ സജീവമായി ഇടപെടാൻ ആഹ്വാനം; കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി സമ്മേളനം സമാപിച്ചു

Byadmin

Aug 20, 2025



ന്യൂ ജേഴ്സി : അമേരിക്കൻ രാഷ്‌ട്രീയത്തിൽ സജീവമായി ഇടപെടാൻ സമ്മേളനം ആഹ്വാനം ചെയ്‌ത് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി സമ്മേളനം സമാപിച്ചു. ഹിന്ദു മൂല്യങ്ങൾ മുറുകെ പിടിച്ച് ഹിന്ദുത്വാഭിമാനത്തോടെ പ്രവാസജീവിതം നയിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി സമാപന ചടങ്ങിൽ മുഖ്യാതിഥിയായി. ഡോ. നിഷ പിള്ള ആമുഖ പ്രഭാഷണം നടത്തി. യു.എസ്. സുപ്രീം കോടതി ജഡ്ജി രാജ രാജേശ്വരി, ന്യൂയോർക്ക് ഗവർണറുടെ സെക്രട്ടറി ഷിബു നായർ ,മധു ചെറിയേടത്ത് , സുനിൽ പിഗോൾ എന്നിവർ സംസാരിച്ചു.

രജത ജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിരാട് പുരസ്കാരം പി. ശ്രീകുമാറിന് സമ്മാനിച്ചു. സ്വാമി സച്ചിദാനന്ദ, സ്വാമി അമൃതസ്വരൂപാനന്ദ, ബ്രഹ്മചാരി ഹരി ചൈതന്യ, തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി, ജെ. നന്ദകുമാർ, ഋഷിരാജ് സിംഗ്, അഡ്വ. എസ്. ജയശങ്കർ, സവിധായകരായ ഹരിഹരൻ, അഭിലാഷ് പിള്ള, ശരത് ഹരിദാസൻ, സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ, നടൻ നരൻ, നടിമാരായ ശാന്തി കൃഷ്ണ, ദിവ്യ ഉണ്ണി, ഗായിക മധുശ്രീ നാരായണൻ, നർത്തകി ഡോ. ജാനകി രംഗരാജൻ എന്നിവർ മൂന്നു ദിവസത്തെ കൺവൻഷനിൽ പങ്കെടുത്തു.

കളരിപ്പയറ്റ്, ഗുരുവായൂർ ഉറിയടി, കാവിലാട്ടം, തെയ്യം, ഗരുഡൻ പറവ, തീയാട്ട്, മുടിയേറ്റു എന്നിവയുള്‍പ്പെടെ നിരവധി വ്യത്യസ്ത പരിപാടികൾ അരങ്ങേറി. കഥകളിയും മേളവും പോലുള്ള ക്ഷേത്രകലകൾക്കും പ്രാധാന്യം നൽകിയിരുന്നു. നൂറുപേരുടെ താലപ്പൊലിയും മുത്തുക്കുടയുമായി നാട്ടിലെ പൂരത്തിന്റെ പ്രതീതി ജനിപ്പിച്ച ഘോഷയാത്രയും, കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തിൽ 50 ഓളം വാദ്യക്കാർ പങ്കെടുത്ത ചെണ്ടമേളവും ശ്രദ്ധേയമായി.

സ്ഥാപക നേതാക്കളെയും മുൻ പ്രസിഡന്റുമാരെയും വേദിയിൽ ആദരിച്ചു. ‘വിരാട്’ എന്ന തീമിൽ അധിഷ്ഠിതമായ സമഷ്ടി എന്ന നൃത്തനാടകവും, ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ‘കാശി’ എന്ന നൃത്തപ്രകടനവും കലാസ്വാദകരെ ആകര്‍ഷിച്ചു. അടുത്ത കൺവൻഷൻ ഫോളിറിഡയിൽ നടത്താൻ തീരുമാനിച്ചു. ടി. ഉണ്ണികൃഷ്ണൻ (പ്രസിഡൻ്റ്) സിനു നായർ (ജനറൽ സെക്രട്ടറി) അശോക് മേനോൻ (ട്രഷറർ),വനജാനായർ (ട്രസ്റ്റി ബോർഡ് ചെയർ), ഡോ. സുധീർ പ്രയാഗ( ട്രസ്റ്റി സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയേയും തെരഞ്ഞെടുത്തു.

By admin