• Sat. Apr 5th, 2025

24×7 Live News

Apdin News

അമേരിക്ക നാടുകടത്താന്‍ പദ്ധതിയിട്ട തുര്‍ക്കി വിദ്യാത്ഥിക്ക് ഐക്യദാര്‍ഢ്യവുമായി ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി – Chandrika Daily

Byadmin

Apr 4, 2025


ഫലസ്തീന്‍ അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ യു.എസ് ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്ത തുര്‍ക്കി വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിന് ഐക്യദാര്‍ഢ്യവുമായി അവര്‍ പഠനം നടത്തുന്ന ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി രംഗത്ത്. റുമൈസയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി നിയമനടപടികള്‍ ആരംഭിച്ചു.

വ്യാഴാഴ്ച മസാച്യുസെറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയില്‍വെച്ച് റുമൈസയെ വേഗം തന്നെ മോചിപ്പിക്കണമെന്നും അവര്‍ക്ക് ബിരുദം പൂര്‍ത്തിയാക്കാനുള്ള അവസരം ഒരുക്കി നല്‍കണമെന്നും യൂണിവേഴ്‌സിറ്റിക്ക് വേണ്ടി തയ്യാറാക്കിയ പ്രസ്താവനയില്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുനില്‍ കുമാറിന്റെ പ്രസ്താവന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റുമൈസ ഓസ്തുര്‍ക്ക് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയാണെന്നും പഠനത്തിനും ടഫ്റ്റ്‌സ് സമൂഹത്തിനും വേണ്ടി പ്രയത്‌നിക്കുന്ന കഠിനാധ്വാനിയായ വിദ്യാര്‍ത്ഥിനിയാണ് റുമൈസയെന്നും സര്‍വകലാശലായുടെ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വെക്കാനും കാരണമായ പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാലയില്‍ അവര്‍ പങ്കാളിയായതിന്റെ ഒരു വിവരവും തങ്ങളുടെ പക്കലില്ലെന്നും സര്‍വകലാശാല ഹരജിയില്‍ അറിയിച്ചിട്ടുണ്ട്.

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്പാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്‌സിലെ വീടിനടുത്ത് വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി നാടുകടത്താന്‍ ഉത്തരവിട്ടു. എന്നാല്‍ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവ് മസാച്യുസെറ്റ്‌സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞു.

യു.എസ് ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലിയില്‍ ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ ആ ലേഖനം സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കെതിരല്ലെന്ന് സര്‍വകലാശാല തന്നെ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് പോവുകയും ചെയ്തു.



By admin