• Mon. Aug 25th, 2025

24×7 Live News

Apdin News

അമേരിക്ക-പാകിസ്ഥാന്‍ ക്രിപ്റ്റോ ഉടമ്പടിയും ട്രംപിന്റെ രഹസ്യ സഖ്യവും

Byadmin

Aug 25, 2025



ഴിഞ്ഞ കുറച്ച് മാസങ്ങളായി അസാധാരണമായൊരുടുപ്പമാണ് പാകിസ്ഥാനുമായി അമേരിക്ക പുലര്‍ത്തുന്നത്. ഭാരത താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ട്രംപിന്റെ പ്രസ്താവനകളും, ഓപ്പറേഷന്‍ സിന്ദൂര്‍ മധ്യസ്ഥതയെ സംബന്ധിച്ചുള്ള വ്യാജ അവകാശവാദങ്ങളും പതിവ് നയതന്ത്രങ്ങള്‍ക്കപ്പുറമായിരുന്നു.

പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ തന്നെ രണ്ട് മാസത്തിനിടയില്‍ രണ്ട് തവണയാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് സ്ഥിതി ഇങ്ങനെയായിരുന്നില്ല. പാകിസ്ഥാന്‍ വിമര്‍ശകനായിരുന്ന ട്രംപ് ഇസ്ലാമാബാദിന് നല്‍കിയിരുന്ന സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ രണ്ടാം തവണ അധികാരത്തിലേറി വളരെ പൊടുന്നനെ ട്രംപിന്റെ ഇഷ്ട രാജ്യങ്ങളിലൊന്നായി പാകിസ്ഥാന്‍ മാറി.

ട്രംപ്- പാകിസ്ഥാന്‍ ക്രിപ്റ്റോ സാമ്പത്തിക ഇടപാട്

ട്രംപ് കുടുംബവും പാകിസ്ഥാനിലെ രാഷ്‌ട്രീയ സൈനിക നേതൃത്വത്തിനുമിടയില്‍ നടക്കുന്ന ഒരു രഹസ്യ സാമ്പത്തിക (ക്രിപ്റ്റോ കറന്‍സി) ഇടപാടാണ് ഇപ്പോഴത്തെ ബന്ധത്തിന്റെ പ്രധാന കാരണം. ട്രംപ് കുടുംബാംഗങ്ങള്‍, ഭീകരവാദ സംഘടനകള്‍, പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന വമ്പന്‍ ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനത്തെ പ്രീണിപ്പിക്കുന്നതിനാണ് ട്രംപും അമേരിക്കയും പലപ്പോഴും ഭാരതവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. യുഎസ്-പാകിസ്ഥാന്‍ ക്രിപ്റ്റോ പ്രോജക്ടില്‍ പ്രധാനിയാണ് ബിലാല്‍ ബിന്‍ സാഖിബ്. പാകിസ്ഥാനില്‍ പുതുതായി രൂപീകരിച്ച ക്രിപ്റ്റോ കൗണ്‍സിലിന്റെ (പിസിസി) സിഇഒയും പാക് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായിയുമായ ഇയാള്‍ ഒരു ബ്രിട്ടീഷ്-പാകിസ്ഥാന്‍ സംരംഭകനാണ്. ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ സംരംഭമായ ‘വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലി’ന്റെ (ഡബ്ല്യുഎല്‍എഫ്) ഉപദേശകന്‍ കൂടിയാണ് ബിലാല്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ട്രംപിന്റെ മക്കളായ എറിക് ട്രംപ്, ഡൊണാള്‍ഡ് ജൂനിയര്‍, മരുമകനായ ജാരെഡ് കുഷ്നര്‍ എന്നിവര്‍ക്ക് 40% ഓഹരികളാണ് കമ്പനിയിലുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭാരതവും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്ന 2025 ഏപ്രില്‍ 26 നാണ് ഡബ്ല്യുഎല്‍എഫുമായി പാകിസ്ഥാന്‍ കരാര്‍ ഒപ്പുവച്ചത്.

2025 ഏപ്രില്‍ 15 നാണ് ഡബ്ല്യുഎല്‍എഫ് ബിലാലിനെ ഉപദേഷ്ടാവായി നിയമിക്കുന്നത്. മെയ്യില്‍ പാകിസ്ഥാന്‍ അദ്ദേഹത്തെ പാക്കിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലിന്റെ സിഇഒയായും നിയമിച്ചു. അങ്ങനെ ഒരാള്‍ രണ്ടു രാജ്യങ്ങളുടെയും വിശ്വസ്ഥനായി മാറി. വാഷിംഗ്ടണില്‍ പാകിസ്ഥാന്‍ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ഇസ്ലാമാബാദില്‍ ഇരുന്നു കൊണ്ട് അമേരിക്കന്‍ അജണ്ടകള്‍ നടപ്പിലാക്കുന്നു. 2025 ജൂണില്‍ യു.എസ് സെനറ്റര്‍ സിന്തിയ ലുമ്മിസ് (ബിറ്റ്കോയിന്‍ ആക്ട് കോ-സ്പോണ്‍സര്‍), സെനറ്റര്‍ ബില്‍ ഹാഗെര്‍ട്ടി (ബാങ്കിങ് കമ്മിറ്റി), വൈറ്റ് ഹൗസ് ഉപദേഷ്ടാക്കള്‍, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് എന്നിവരുള്‍പ്പെടെ ഡസന്‍ കണക്കിന് യുഎസ് നിയമസഭാംഗങ്ങളുമായി ബിലാല്‍ കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ ക്രിപ്റ്റോ കമ്പനിയെ ഉപദേശിക്കുന്നതിനിടയില്‍ പാകിസ്ഥാന്റെ ക്രിപ്റ്റോ സാധ്യതകള്‍ വില്‍ക്കുക കൂടിയാണ് ബിലാല്‍.

ഭീകരവാദ ഫണ്ടിങ്ങും ചൈനീസ് സാന്നിധ്യവും

ഡബ്ല്യുഎല്‍എഫും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള ഈ പുതിയ ക്രിപ്റ്റോ കരാര്‍ കള്ളപ്പണം വെളുപ്പിക്കലിന് വഴിയൊരുക്കുകയും തീവ്രവാദത്തിന് പണം നല്‍കുകയും ചെയ്യുന്നുവെന്നതാണ് ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായുള്ളത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി സ്ഥാപനമായ ബൈനാന്‍സ് ആണ് ഇതിനായി അവര്‍ കണ്ടെത്തിയ പ്രധാന മാര്‍ഗം. ബൈനാന്‍സിന്റെ സ്ഥാപകനായ ചാങ്പെങ് ഷാവോ ഈ ക്രിപ്റ്റോ ഇടപാടിന്റെ കേന്ദ്രബിന്ദുക്കളില്‍ ഒരാളാണ്. ചൈന വിടുമെന്ന അവകാശവാദങ്ങള്‍ക്കിടയിലും, ബൈനാന്‍സുമായുള്ള ഇയാളുടെ ചൈനീസ് ബന്ധങ്ങള്‍ തെളിയിക്കുന്ന ഒന്നിലധികം തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഷാവോയുടെ പങ്കാളിയായ യിഹി ‘യിക്സിയ ടെക്നോളജി’യെന്ന കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. ഈ കമ്പനി ഭാഗികമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ്. അതായത് ചൈനീസ് സര്‍ക്കാരിനും ഇതില്‍ ബന്ധമുണ്ട്.

തീവ്രവാദത്തിനായി കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ ഷാവോയ്‌ക്ക് അമേരിക്കയില്‍ നാല് മാസം തടവ് ശിക്ഷ ലഭിച്ച ചരിത്രമുണ്ട്. യു.എസ് ഡിപ്പാര്‍ട്മെന്റ് ഓഫ് ജസ്റ്റിസ്, യുഎസ് ട്രഷറി ഡിപ്പാര്‍ട്മെന്റ്, കമ്മോഡിറ്റി ഫ്യൂച്ചേര്‍സ് ട്രേഡിങ് കമ്മീഷന്‍ എന്നിവര്‍ ചേര്‍ന്ന് 2023 നവംബറില്‍ ബൈനാന്‍സിന് മേല്‍ 4.3 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തുകയുണ്ടായി. ഇതുവരെയുള്ളവയില്‍ വച്ച് ഏറ്റവും വലിയ പിഴയായിരുന്നു അത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ലംഘിച്ചു കൊണ്ട് ഹമാസ്, അല്‍ഖ്വയ്ദ, ഐസിസ് എന്നിവയ്‌ക്ക് ഫണ്ട് നല്‍കുകയും യുഎസ് ഉപരോധങ്ങള്‍ ലംഘിച്ച് ഇറാന് 1.1 മില്യണ്‍ ഡോളര്‍ ഇടപാടുകള്‍ക്ക് സഹായിക്കുകയും ചെയ്തുവെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് പിഴയിട്ടത്. ഷാവോയും ബിനാന്‍സും കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ കുറ്റങ്ങളില്‍ ബിനാന്‍സ് ഉള്‍പ്പെട്ടത് ഇത് ആദ്യ സംഭവമായിരുന്നില്ല. ഫ്രാന്‍സ്, ഭാരതം, കാനഡ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഭീകരവാദ ഫണ്ടിങ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കമ്പനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലിന്റെ (പിസിസി) ‘സ്ട്രാറ്റജിക് അഡൈ്വസര്‍’ എന്ന നിലയിലാണ് ഷാവോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നാല് മാസത്തെ ജയില്‍ ശിക്ഷയ്‌ക്ക് ശേഷം പുറത്തുവന്ന ഷാവോ ട്രംപിന്റെ ഡബ്ല്യുഎല്‍എഫുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും പിസിസിയുടെ ‘സ്ട്രാറ്റജിക് അഡൈ്വസര്‍’ ആയി മാറുകയുമായിരുന്നു. ഇപ്പോള്‍ ഷാവോയും ബിലാല്‍ ബിന്‍ സാഖിബും ഈ ക്രിപ്റ്റോ ഇടപാടിന്റെ രണ്ട് കേന്ദ്രങ്ങളാണ്. തീവ്രവാദ ഫണ്ടിങ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ മേഖലയിലുള്ള ഷാവോയുടെ പരിചയം ഉപയോഗപ്പെടുത്താനാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റ ലക്ഷ്യം ഭാരതമായിരിക്കുമെന്നതിന് യാതൊരു സംശയവുമില്ല.

ബിലാലിന്റെ നേതൃത്വത്തില്‍ നിരവധി വ്യാജ കമ്പനികളുടെ ശൃംഖല തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയെല്ലാം തന്നെ ഒരേ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്. വെബ്സൈറ്റുകളോ സാമ്പത്തിക സുതാര്യതയോ ഇവയ്‌ക്കില്ല. ബിലാലിന്റെ സഹോദരി മിനാഹില്‍ ‘തയാബ യുകെ’ എന്ന കമ്പനിയുടെ 75% ഓഹരി വഹിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പാകിസ്ഥാന്‍ സൈന്യത്തിന്റ അഴിമതി പണം കൈകാര്യം ചെയ്യുന്ന ‘അല്‍ മുസ്തഫ ട്രസ്റ്റു’മായി (എഎംടി) യുമായി പങ്കാളിത്തത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിരമിച്ച ആര്‍മി, നേവി, എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നടത്തുന്ന എഎംടി പാകിസ്താന്റെ ഔദ്യോഗിക പ്രതിരോധ ബജറ്റുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല. 2025 മെയ് മാസത്തില്‍ യുഎസും പാകിസ്ഥാനും ക്രിപ്റ്റോ കരാറില്‍ ഒപ്പുവച്ചതിനുശേഷം അവര്‍ തമ്മിലുള്ള ബന്ധത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിന് ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. തുടര്‍ന്നാണ് രണ്ട് മാസത്തിനുള്ളില്‍ അസിം മുനീര്‍ രണ്ട് തണവ യുഎസ് സന്ദര്‍ശിക്കുന്നതും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിനെ പാകിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയുന്നതും.

സെര്‍ജിയോ ഗോറിനെന്ന പ്രത്യേക ദൂതന്‍

അമേരിക്കയുടെ ഭാരത വിരുദ്ധതയ്‌ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണം തന്റെ അടുത്ത വിശ്വസ്തനായ സെര്‍ജിയോ ഗോറിനെ ഭാരതത്തിലെ അടുത്ത അംബാസഡറായി നിയമിച്ചു കൊണ്ടുള്ള ട്രംപിന്റെ ഉത്തരവാണ്. ദക്ഷിണേഷ്യ, മധ്യേഷ്യയിലേക്കുള്ള പ്രത്യേക ദൂതന്‍ എന്ന പദവി കൂടി നല്‍കി വിപുലമായ അധികാരങ്ങളും അദ്ദേഹത്തിന് നല്‍കി. ആദ്യമായാണ് ഇത്തരത്തിലൊരു നിയമനം നടത്തുന്നത്. ദക്ഷിണേഷ്യയുടെ പ്രാദേശിക ഭൗമരാഷ്‌ട്രീയത്തില്‍ പിടിമുറുക്കാനും വഷളാക്കാനുമുള്ള വാഷിംഗ്ടണിന്റെ ബോധപൂര്‍വമായ ശ്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാപാര കരാര്‍ ചര്‍ച്ചകളിലായാലും, റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ടായാലും ഭാരത വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീക്ഷണികള്‍ക്ക് മുട്ടുമടക്കാത്ത മോദി സര്‍ക്കാരിന്റെ നയം അഭിനന്ദാര്‍ഹമാണ്.

By admin