• Wed. Aug 13th, 2025

24×7 Live News

Apdin News

അമ്പിളി കൊലക്കേസ്: ഭര്‍ത്താവിനും കാമുകിയ്‌ക്കും ജീവപര്യന്തം

Byadmin

Aug 13, 2025



മാവേലിക്കര: നൂറനാട് മറ്റപ്പള്ളി ഉളവുക്കാട് ആദര്‍ശ് ഭവനില്‍ അമ്പിളി (36) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് സുനില്‍കുമാര്‍ (46), കാമുകി മറ്റപ്പള്ളി ഉളവുക്കാട് ശ്രീരാഗ് ഭവനത്തില്‍ ശ്രീലത (53) എന്നിവര്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും. പിഴ തുകയില്‍ 25,000 രൂപ വീതം അമ്പിളിയുടെ ഇരുമക്കള്‍ക്കുമായി നല്കണം.

പിഴതുക അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. കുട്ടികള്‍ക്ക് ലീഗല്‍ സര്‍വീസ് അതോറ്റിയില്‍ നിന്നുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശവും അഡീ. ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി പി.ജി. ശ്രീദേവിയുടെ ഉത്തരവിലുണ്ട്.

സുനില്‍കുമാറിനെതിരെ കൊലപാതകം, മാരകമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ശ്രീലതക്കെതിരെ കൊലപാതകം, പ്രേരണക്കുറ്റം എന്നിവയാണ് തെളിഞ്ഞത്.

പ്രോസിക്യൂഷന്‍ പ്രത്യേക സാക്ഷി ഉള്‍പ്പെടെ 39 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 37 പേരെ വിസ്തരിച്ചു. മൂന്നു സാക്ഷികള്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്കി.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 35 രേഖകള്‍, എട്ടു തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. ദൃക്സാക്ഷികളോ, ശാസ്ത്രീയ തെളിവുകളോ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് നിര്‍ണായകമായത്.

2018 മെയ് 27നാണ് വീടിന്റെ സ്റ്റെയര്‍കെയ്സിന് അടിയിലുള്ള ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ അമ്പിളിയെ കണ്ടെത്തിയത്. ശ്രീലതയ്‌ക്കൊപ്പം ജീവിക്കുന്നതിനായി അമ്പിളിയെ ആക്രമിച്ചു ബോധം കെടുത്തിയ ശേഷം സുനില്‍കുമാര്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ശ്രീലതയുടെ പ്രേരണയിലാണ് കൊലപാതകമെന്നും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസിനു പിന്നിടുണ്ടായ ചില സംശയമാണ് കൊലപാകതമാണെന്ന് കണ്ടെത്തിയത്. അമ്പിളിയുടെ കഴുത്തിലെ കുരുക്കായിരുന്നു ഇതില്‍പ്രധാനം.

സാധാരണ ആത്മഹത്യ ചെയ്യുന്നവരുടെ രീതിയിലായിരുന്നില്ല കുരുക്ക്. വടം ഉപയോഗിച്ച് തടി കെട്ടാന്‍ ഉപയോഗിക്കുന്ന രീതിയിലുള്ള കുരുക്കായിരുന്നു. ഇതോടെയാണ് അമ്പിളിയെ സുനില്‍കുമാര്‍ കൊന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

നൂറനാട് എസ്ഐ വി. ബിജു, മാവേലിക്കര എസ്എച്ച്ഒ പി. ശ്രീകുമാര്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സന്തോഷ്‌കുമാര്‍ ഹാജരായി.

By admin