അമ്പലപ്പുഴ: പുന്നപ്രയില്‍ ഗൃഹനാഥനെ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മയുടെ ആണ്‍സുഹൃത്തായിരുന്ന മധ്യവയസ്‌കനെ മകന്‍ കെണിയില്‍പെടുത്തി വൈദ്യുതാഘാതമേല്‍പ്പിച്ചു കൊലപ്പെടുത്തിയതാണെന്നു പോലീസ് കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലുപുരക്കല്‍ ദിനേശനാ(50)ണു മരിച്ചത്. സംഭവത്തില്‍ സമീപവാസിയായ കൈതവളപ്പ് കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ (അശ്വതി-49), മകന്‍ കിരണ്‍(28) എന്നിവരെ പുന്നപ്ര പോലീസ് കസ്‌റ്റഡിയിലെടുത്തു. കിരണാണ് ദിനേശനെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞിട്ടും കുഞ്ഞുമോനും അശ്വമ്മയും ഇക്കാര്യം മൂടിവച്ചെന്നു പോലീസ് പറഞ്ഞു. കുടുംബവുമായി പിണങ്ങി കഴിയുന്ന ദിനേശന്‍ ലോഡ്‌ജിലാണു താമസിച്ചിരുന്നത്. ഇടയ്‌ക്ക് അശ്വമ്മയുടെ വീട്ടില്‍ എത്തുമായിരുന്നു. ഇതറിഞ്ഞ കിരണ്‍ കഴിഞ്ഞ ഏഴിനു രാത്രിയില്‍ വീടിനു പിന്നില്‍ ഇലക്‌ട്രിക് ഷോക്ക് ഏല്‍ക്കുന്നതിനുള്ള കെണിയൊരുക്കുകയായിരുന്നു. ഇതില്‍ കുരുങ്ങിയാണ് ദിനേശന്‍ മരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ചെന്ന് ഉറപ്പാക്കാന്‍ കിരണ്‍ വീണ്ടും ഷോക്കടിപ്പിച്ചു. വീട്ടിലെ സോക്കറ്റില്‍ നിന്നാണ് വൈദ്യുതി കണക്ഷന്‍ എടുത്തത്. ദിനേശന്റെ കൈക്കും കഴുത്തിനും അരയ്‌ക്കു താഴെയും കരിഞ്ഞ പാടുകളുണ്ട്. മരിച്ചെന്ന് ഉറപ്പായശേഷം മൃതദേഹം വലിച്ചിഴച്ച് വീട്ടില്‍ നിന്നും 150 മീറ്ററോളം അകലെ വയലില്‍ കൊണ്ടിട്ടു. ദേഹത്ത് പായലുകളും മറ്റും പറ്റിപ്പിടിച്ചിരുന്നു.
എട്ടിനാണ് ദിനേശനെ മരിച്ച നിലയില്‍ കണ്ടത്. രാവിലെ വയലില്‍ ചൂണ്ടയിടാനെത്തിയ കുട്ടികളാണ് ഒരാള്‍ കമിഴ്‌ന്നു കിടക്കുന്നത് കണ്ടത്. മദ്യപിച്ച് കിടക്കുന്നുവെന്നാണു കരുതിയത്. പിന്നീട് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് എത്തിയപ്പോഴാണ് ദിനേശന്‍ മരിച്ചതായി തിരിച്ചറിയുന്നത്. പോസ്‌റ്റ്മോര്‍ട്ടത്തില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്നു വ്യക്‌തമായി. ഇതോടെ പോലീസ് സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാല്‍ വൈദ്യുതാഘാതമേല്‍ക്കേണ്ട ചുറ്റുപാടിലല്ല മൃതദേഹം കിടന്നത്. തുടര്‍ന്നു വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഈ പരിശോധനയില്‍ കിരണിന്റെ വീട്ടിലെ മീറ്ററില്‍ നിന്നും വെളളിയാഴ്‌ച രാത്രി അധിക വൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തി.
ഷോക്കടിച്ചു വീണ ദിനേശന്റെ മരണം ഉറപ്പാക്കാന്‍ കോയില്‍ പോലെയുള്ള സാധനം ദേഹത്തുവച്ച് വീണ്ടും വൈദ്യുതി കടത്തിവിട്ടതായി കിരണ്‍ പോലീസിനോട് സമ്മതിച്ചു. കോയില്‍ കണ്ടെത്താനാനുള്ള തെരച്ചില്‍ തുടരുകയാണ്. ദിനേശന്റെ മരണാനന്തര ചടങ്ങില്‍ കിരണ്‍ സജീവമായിരുന്നു.