പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം മകന്‍ പാടത്ത് ഉപേക്ഷിച്ചു. പുന്നപ്ര സ്വദേശി ദിനേശന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തുകയായിരുന്നു.
മൃതദേഹം നാട്ടുകാരാണ് ആദ്യംകണ്ടത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിലായിരുന്നു അവര്‍. എന്നാല്‍ ഉച്ചയായിട്ടും ഇയാള്‍ എഴുന്നേല്‍ക്കാതിരുന്നതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മദ്യപിച്ച് കുഴഞ്ഞുവീണ് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണമാണ് കിരണിലേക്കെത്തിയത്.
കിരണിന്റെ അമ്മയുടെ ആണ്‍ സുഹൃത്തായ ദിനേശന്‍, രാത്രി വീട്ടിലെത്തിയതോടെ ഷോക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയും ചെയ്തു. അതേസമയം കൊലപാതകം അറിഞ്ഞിട്ടും വിവരം മറച്ചുവെച്ചതിന് കിരണിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കിരണിന്റെ അമ്മയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ പ്രതിക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ദിനേശന്‍ വരുന്ന വഴിയില്‍ ലൈന്‍ കമ്പിയിട്ട് ഷോക്ക് വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഷോക്കേറ്റ് മരിച്ച ഇയാളെ അച്ഛനും മകനും ചേര്‍ന്ന് പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.