• Wed. Aug 27th, 2025

24×7 Live News

Apdin News

അയപ്പഭക്ത സംഗമത്തിലെ സിപിഎം അജണ്ട

Byadmin

Aug 27, 2025



മ്പാ മണപ്പുറത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും യാതൊരു ദുരുദ്ദേശവും ഇല്ലെന്ന ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവന തന്നെ കാപട്യവും വഞ്ചനയുമാണെന്ന് തെളിഞ്ഞിരിക്കുന്നു. അയ്യപ്പ ഭക്തസംഗമത്തിന്റെ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ചു കൊണ്ടുവരുന്നതിലൂടെയാണിത്. കടുത്ത നിരീശ്വരവാദിയും, സനാതനധര്‍മം മഹാമാരിയെ പോലെയാണെന്ന് കരുതുകയും ചെയ്യുന്നയാളാണ് സ്റ്റാലിനെന്ന് എല്ലാവര്‍ക്കും അറിയാം. സ്റ്റാലിന്റെ സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ക്കെതിരെ സ്വീകരിച്ചു പോരുന്ന നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള നിരവധി കോടതിവിധികള്‍ പോലുമുണ്ട്. ഇങ്ങനെയൊരാളെ ലോകത്തെ കോടാനുകോടി ഭക്തരുടെ അഭയ കേന്ദ്രമായ ശബരിമലയിലേക്ക് ആനയിച്ചു കൊണ്ടുവരുന്നത് പ്രത്യക്ഷത്തില്‍ തന്നെ വിശ്വാസത്തിന് നിരക്കാത്തതും ക്ഷേത്രവിരുദ്ധവും, ഭക്തജനങ്ങളെ പ്രത്യേകിച്ച് അയ്യപ്പ ഭക്തരെ നിന്ദിക്കുന്നതും സര്‍വ്വോപരി ഹിന്ദുവിരുദ്ധവുമാണ്.

അയ്യപ്പ ഭക്തസംഗമത്തിന് പിന്നില്‍ ദുരുദ്ദേശം ഒന്നുമില്ലെന്ന് സിപിഎമ്മുകാരനായ ഒരു മന്ത്രി പറയുന്നതില്‍ തന്നെയുണ്ട് കാപട്യം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാറല്‍ മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത് ചൂണ്ടിക്കാട്ടുമ്പോള്‍, ‘ആത്മാവില്ലാത്ത ലോകത്തെ ആത്മാവാണ് മതം’ എന്നും മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടല്ലോ എന്നായിരിക്കും പല മാര്‍ക്‌സിസ്റ്റുകളുടെയും മറുപടി. മാര്‍ക്‌സ് ആത്മാവിനെയും അംഗീകരിച്ചിരുന്നുവെന്ന് മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. മാര്‍ക്‌സിസ്റ്റുകളായ സിപിഎമ്മുകാര്‍ മാര്‍ക്‌സിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മതത്തിലും ദൈവത്തിലും വിശ്വസിക്കാന്‍ പാടില്ല. 2013 ല്‍ പാലക്കാട് സിപിഎം പ്ലീനം (പ്രത്യേക സമ്മേളനം) ചേര്‍ന്നിരുന്നു. പാര്‍ട്ടി നേതാക്കളും അംഗങ്ങളും ദൈവവിശ്വാസം പുലര്‍ത്താനോ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാനോ പാടില്ലെന്ന് ഔദ്യോഗികമായി തീര്‍പ്പാക്കിയിട്ടുള്ളതാണ്. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ദൈവവിശ്വാസമാകാം, നേതാക്കള്‍ക്ക് പാടില്ല എന്ന അവ്യക്തവും കാപട്യപൂര്‍ണവുമായ നിലപാടാണ് സിപിഎം ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാറുള്ളത്. പാര്‍ട്ടി അംഗങ്ങള്‍ നേതാക്കളാവുമ്പോള്‍ ദൈവിശ്വാസം കയ്യൊഴിയുമെന്നോ? തിരിച്ച് നേതാക്കള്‍ അംഗങ്ങളായി മാറിയാല്‍ വിശ്വാസം തിരികെപിടിക്കുമെന്നോ? ഒരു പാര്‍ട്ടി സൈദ്ധാന്തികനും ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടില്ല.

യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയിലെ ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മാത്രമാണ് ഇങ്ങനെയൊരു നിലപാട് സിപിഎം കൊണ്ടുനടക്കുന്നത്. മറ്റു മതസ്ഥരായ നേതാക്കള്‍ പോലും ദൈവത്തില്‍ വിശ്വസിക്കുന്നതും, മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതും പാര്‍ട്ടി വിലക്കാറില്ല. അതേസമയം പാര്‍ട്ടിക്കാരായ ഹിന്ദുക്കള്‍ക്ക് വിലക്കുണ്ട്. തെയ്യത്തിന്റെ ഭാഗമായ വെള്ളാട്ട് നടത്തിയ പാര്‍ട്ടി അംഗത്തിനെതിരെ നടപടിയെടുത്ത ചരിത്രമുണ്ടല്ലോ.

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനുമൊക്കെ ക്ഷേത്രങ്ങളില്‍ പോയിട്ടുള്ളത് കാഴ്ച ബംഗ്ലാവില്‍ പോകുന്നതു പോലെയാണ്. പ്രവൃത്തിയിലൂടെ ഇത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ഹിന്ദുക്കളെ കബളിപ്പിക്കാനാണ് ഇവരുടെ ക്ഷേത്രപ്രവേശനം. ‘അവിടെയല്ലേ ശ്രീകൃഷ്ണന്‍ ഇരിക്കുന്നത്’ എന്ന് ചോദിച്ചും, തീര്‍ത്ഥം കയ്യില്‍ വാങ്ങി നിലത്തൊഴിച്ചുമൊക്കെ ആരാധനാ രീതികളെ പരസ്യമായി നിന്ദിക്കുകയും ചെയ്യും. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആരാധനയില്‍ പങ്കെടുത്തെന്ന പേരില്‍ ദേവസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ താക്കീത് ചെയ്ത പാര്‍ട്ടിയാണ് സിപിഎം.

ശബരിമലയുടെ കാര്യമെടുത്താല്‍ എകെജിയുടെ കാലം മുതല്‍ പാര്‍ട്ടി അംഗങ്ങള്‍ വ്രതമെടുത്ത് മലയ്‌ക്ക് പോകുന്നത് സിപിഎം നിരുത്സാഹപ്പെടുത്തുകയും വിലക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല ക്ഷേത്രം ചിലര്‍ തീവച്ച് നശിപ്പിച്ചതിനെക്കുറിച്ച് പരിശോധിക്കാന്‍ മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്താമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ അതിന് തയ്യാറാവാതെ ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നു. അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഉള്‍പ്പെടുന്ന നിലയ്‌ക്കലില്‍ അനധികൃതമായി പള്ളി നിര്‍മിച്ചത് സിപിഎംതന്നെ കൊട്ടിഘോഷിക്കാറുള്ള മതേതരത്വത്തിനെതിരായ നടപടിയായിരുന്നു. ഇതിനെതിരെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചപ്പോള്‍ സിപിഎം അവര്‍ക്കെതിരായിരുന്നു.

ഇതിന്റെ തുടര്‍ച്ചയാണ് ഇടതു ഭരണകാലത്ത് ശബരിമലയില്‍ പോലീസിന്റെ സംരക്ഷണത്തില്‍ യുവതികളെ പ്രവേശിപ്പിച്ചത്. ഇതിന് കൂട്ടുപിടിച്ച സുപ്രീംകോടതി വിധി വിശാല ബഞ്ച് അസാധുവാക്കിയിട്ടും തെറ്റുപറ്റിയെന്ന് പറയാന്‍ സിപിഎം തയ്യാറായില്ല. മാത്രമല്ല, യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്ത അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാനും തയ്യാറായിട്ടില്ല. ഇതൊക്കെ ചെയ്തുകൂട്ടിയവര്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും അതില്‍ ദുരുദ്ദേശം ഉണ്ടായിരിക്കും.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ സനാതന ധര്‍മത്തിന് എതിരാണെന്ന് അറിയാത്തവരല്ലല്ലോ കേരള സര്‍ക്കാരിനെ നയിക്കുന്നത്. സനാതന ധര്‍മത്തിനെതിരെ അതിനിന്ദ്യമായ പ്രസ്താവന നടത്തിയ മകനും തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയെ പൂര്‍ണ്ണമായി ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തയാളാണ് സ്റ്റാലിന്‍. കേരളത്തില്‍ ഉള്‍പ്പെടെ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അധികാരത്തിന്റെ ഹുങ്കില്‍ ഈ അച്ഛനും മകനും നടത്തിയ ഹിന്ദു നിന്ദയെ പിന്തുണയ്‌ക്കുകയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ചെയ്തത്. അയ്യപ്പഭക്തന്മാര്‍ എല്ലാവരും തന്നെ സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ളവരുടെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സ്റ്റാലിനെ പങ്കെടുപ്പിക്കുന്നത് ശബരിമലയ്‌ക്കും അയ്യപ്പഭക്തര്‍ക്കും എതിരാണ്.

ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള സിപിഎമ്മിന്റെ വിരോധം അടിസ്ഥാനപരമാണ്. ആത്മീയതയുടെ അടിസ്ഥാനത്തില്‍ ശബരിമല ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നു എന്നതാണ് ഈ വിരോധത്തിന്റെ പ്രധാന കാരണം. സാമൂഹ്യ ജീവിതത്തില്‍ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കള്‍ ജാതിക്കതീതമായി ജീവിക്കുന്ന സന്ദര്‍ഭമാണ് മണ്ഡല-മകരവിളക്ക് കാലം. മാലയിടുന്നതോടെ അയ്യപ്പന്മാരെല്ലാം ജാതി വിവേചനങ്ങള്‍ക്ക് അതീതരാവുന്നു. അയ്യപ്പന്മാര്‍ക്ക് വിലക്കുകള്‍ ഇല്ലാതാവുന്നു. തീര്‍ത്ഥാടനത്തില്‍ ഉടനീളം ഈ ഐക്യം പ്രകടമാവുകയും ചെയ്യും. ഇങ്ങനെ ആത്മീയതയുടെ അടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ ഐക്യപ്പെട്ടാല്‍ അത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് സിപിഎം ഭയക്കുന്നു. ഒരു കോടതി ഉത്തരവിന്റെ മറവില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അയ്യപ്പന്മാരുടെ വിശ്വാസത്തെ ചവിട്ടിമെതിക്കാമെന്ന ദുഷ്ടലാക്കോടെയാണ് സര്‍ക്കാരിന്റെ ചെലവില്‍ ചില വനിതകളെ ആചാര ലംഘനത്തിന് പ്രേരിപ്പിച്ചത്. ഹൈന്ദവ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണല്ലോ ഇത് വിജയിക്കാതെ പോയത്.

ഹിന്ദുക്കളെ രാഷ്‌ട്രീയമായി നിര്‍വീര്യമാക്കുക എന്നതാണ് പതിറ്റാണ്ടുകളായി സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്ന ഭരണസംവിധാനം ഒരു കാലത്തും കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നയം. ഇടതു വലതു മുന്നണികള്‍ ക്രൂരമായി അവഗണിക്കുന്ന ഹിന്ദുക്കളുടെ അര്‍ഹമായ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളുന്ന ഒരേയൊരു പാര്‍ട്ടി കേരളത്തില്‍ ബിജെപിയാണ്. സിപിഎമ്മിന്റെ വഞ്ചന തിരിച്ചറിഞ്ഞ് ഹിന്ദു വോട്ടുകള്‍ കൂടുതലായി ബിജെപിയിലേക്ക് നീങ്ങുകയാണെന്ന് സിപിഎമ്മിന് അറിയാം. എന്തു ചെയ്തും ഇതിന് തടയിടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ശബരിമല ക്ഷേത്രത്തോടും അയ്യപ്പഭക്തരോടും സിപിഎമ്മും, അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും ചെയ്തിട്ടുള്ള ദ്രോഹങ്ങള്‍ ഹിന്ദുക്കളുടെ മനസ്സില്‍ ഒരു കനലായി കിടക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ഇത് ആളിക്കത്താം. ഇങ്ങനെ സംഭവിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമോ എന്നാണ് സിപിഎം നോക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തു വരികയാണ്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദുര്‍ഭരണത്തിനാണ് നേതൃത്വം നല്‍കുന്നതെങ്കിലും അധികാരത്തുടര്‍ച്ചയ്‌ക്കാണ് പിണറായി വിജയന്‍ മോഹിക്കുന്നത്. ഒന്‍പത് വര്‍ഷത്തെ ഭരണത്തിലുടനീളം പിണറായി സര്‍ക്കാര്‍ ജിഹാദി താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. മൂന്നാം വട്ടവും അധികാരത്തിലേറി ജിഹാദി ശക്തികള്‍ക്ക് താല്പര്യമുള്ള മരുമകന് അധികാരം കൈമാറുക എന്ന ലക്ഷ്യമാണ് പിണറായിക്കുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഗൂഢപദ്ധതി സിപിഎമ്മിന് അകത്തും പുറത്തുമുള്ള ഹിന്ദുക്കള്‍ തിരിച്ചറിയരുത്. ഇതിനു വേണ്ടിക്കൂടിയാണ് സര്‍ക്കാരിന്റെ അയ്യപ്പ ഭക്ത സംഗമം. അധികാരത്തില്‍ ഇരിക്കുമ്പോള്‍ ശബരിമലയില്‍ വിമാനത്താവളം പോലുള്ള പദ്ധതികള്‍ കൊണ്ടുവന്ന് വന്‍ അഴിമതി നടത്തുകയെന്ന ലക്ഷ്യവും പിണറായി സര്‍ക്കാരിനുണ്ട്. ഇതിന് ശ്രമിക്കുമ്പോള്‍ പ്രതിഷേധം ഉയരാതിരിക്കണം. തങ്ങള്‍ അയ്യപ്പഭക്തര്‍ക്ക് എതിരല്ലെന്ന് വരുത്തേണ്ടത് ഇതിന് ആവശ്യമാണ്. ഈ തന്ത്രവും അയ്യപ്പ ഭക്ത സംഗമത്തിന് പിന്നിലുണ്ടാവണം.

ഒടുവില്‍ കേള്‍ക്കുന്നത് അയ്യപ്പ ഭക്തസംഗമത്തിന് മുഖ്യമന്ത്രി സ്റ്റാലിന്‍ വരില്ലെന്നും പകരം പ്രതിനിധിയെ അയക്കുമെന്നുമാണ്. ഇത് ശരിയാണെങ്കില്‍ കനത്ത പ്രതിഷേധം ഭയന്നാണ് ഈ പിന്മാറ്റം. ഇനി അയ്യപ്പഭക്തരുടെ വികാരം മാനിച്ച് തങ്ങള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതാണെന്ന് പ്രചരിപ്പിക്കാനും സിപിഎമ്മും പിണറായി സര്‍ക്കാരും മടിക്കില്ല. ഹിന്ദു സമൂഹത്തെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണല്ലോ ലക്ഷ്യം.

By admin