
അയോധ്യ രാമക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായി ഹരിയാനയിലെ ഫരീദാബാദ് ജയിലിൽ കഴിഞ്ഞിരുന്ന അയോധ്യ മിൽക്കിപ്പൂർ സ്വദേശിയായ അബ്ദുൾ റഹ്മാൻ ജയിലിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി സഹതടവുകാരന്റെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
അന്വേഷണത്തിനിടെ, അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അബു സുഫിയാൻ എന്ന ഭീകരനുമായി റഹ്മാൻ സമ്പർക്കം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജമ്മു കശ്മീരിൽ നിന്ന് നീംക ജയിലിലേക്ക് മാറ്റിയ അരുൺ ചൗധരി എന്ന തടവുകാരനാണ് റഹ്മാനെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഞായറാഴ്ച രാത്രി വൈകിയാണ് കൊലപാതകം നടന്നതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.പാലി ഗ്രാമത്തിന് സമീപം രണ്ട് ഹാൻഡ് ഗ്രനേഡുകളുമായി 2025 മാർച്ച് 2നാണ് 19 കാരനായ റഹ്മാനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന, ഫരീദാബാദ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ ചേർന്ന് പിടികൂടിയത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഫോടനം നടത്താൻ ഇയാൾ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ.