സന്നിധാനം: ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പ സന്നിധിയില്‍. ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് മകര ജ്യോതി ദര്‍ശിക്കാന്‍ എത്തിയിരിക്കുന്നത്. മേപ്പാടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമന്‍കുട്ടിയുടെ നേതൃത്വത്തിലാണ് സംഘം മലചവിട്ടിയത്
കഴിഞ്ഞ രാത്രിയാണ് അഞ്ച് മാളികപ്പുറങ്ങളും അഞ്ച് കുട്ടികളും 38 പുരുഷന്മാരുമടങ്ങുന്ന സംഘം സന്നിധാനത്ത് എത്തിയത്. ഈ മൂന്ന് ഗ്രാമങ്ങളില്‍ നിന്നും എല്ലാ വര്‍ഷവും 150 ലധികം ഭക്തരാണ് അയ്യപ്പസന്നിധിയില്‍ എത്തിയിരുന്നത്. മുണ്ടക്കൈ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് സുബ്രഹ്മണ്യന്‍ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവര്‍ പതിവായി എത്തിയിരുന്നത്.
എന്നാല്‍ മാരിയമ്മന്‍ ക്ഷേത്രവും സുബ്രഹ്മണ്യന്‍ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി. ഒന്നിച്ച് കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്തരിപ്പോള്‍ പലയിടങ്ങളിലായി വാടക വീടുകളിലാണ് കഴിയുന്നത്.