
ശരിയായ ലക്ഷ്യമുണ്ടാക്കുക, മാര്‍ഗ്ഗം ഉണ്ടാക്കുക, സഞ്ചരിച്ച് വിജയം കാണുക- അതാണ് സഫല ജീവിതം. ‘സര്‍വജ്ഞപീഠം’ കയറിയ ആദി ശങ്കരന്‍ അവസാനം എത്തിച്ചേര്‍ന്നത് ‘സംപ്രാപ്തേ സന്നിഹിതേ കാലേ, നഹി നഹി രക്ഷതി ഡുകൃഞ്ജ് കരണേ’ എന്നതിലാണ്. വ്യാകരണം തലങ്ങും വിലങ്ങനെയും ചൊല്ലിപ്പഠിച്ചാല്‍ മാത്രം പോരാ, സൂക്ഷ്മ വിജ്ഞാനം നേടണം, അതിന് ‘ഭജഗോവിന്ദം ഭജഗോവിന്ദം’ എന്നാണല്ലോ ശങ്കരാചാര്യ സ്വാമികള്‍ ഉപദേശിച്ചത്.
ലക്ഷ്യം, മാര്‍ഗ്ഗം, സഞ്ചാരം-ഇതില്‍ ഏത് പിഴച്ചാലും വിഫലമാണ് ഫലം.
‘ഒരേയൊരു ലക്ഷ്യം ശബരിമാമല, മോഹം ദിവ്യദര്‍ശനം, മാര്‍ഗ്ഗം പതിനെട്ടാംപടി, മന്ത്രം ശരണമയ്യപ്പാ..’ എന്ന് മലയാളിയെ പാടിച്ചത് ആലപ്പുഴ പുന്നപ്രക്കാരന്‍ ടി.കെ.ആര്‍. ഭദ്രന്‍ എന്ന തൈച്ചിറയില്‍ കൃഷ്ണന്‍ രാമഭദ്രനും ഗാനഗന്ധര്‍വന്‍ യേശുദാസും ചേര്‍ന്നാണ്; സംഗീതവും യേശുദാസ്. അത്ര ലളിതമായി അതിസാധാരണക്കാര്‍ക്കും മനസ്സിലാകാന്‍ പാകത്തില്‍ ആ പാട്ടില്‍ സഫലവഴി പറഞ്ഞിരിക്കുന്നു.
ലക്ഷ്യം ‘പ്രപഞ്ചമൂലം മണികണ്ഠന്‍’ ആകുമ്പോള്‍, അവിടെയെത്തുമ്പോള്‍ ‘പൊന്നമ്പലമണിപീഠം തെളിയും തിരുനടകണികാണാം,”ചിന്മുദ്രാങ്കിതയോഗസമാധിപ്പൊരുളൊളി കണികണ്ട് അര്‍ക്കതാരകച്ചക്രംചുറ്റും തിരുവടികണികാണാം, പ്രപഞ്ചമൂലം മണികണ്ഠന്‍ തിരുനാമം കണികാണാം’ എന്ന് കവിത എഴുതിയത് മഹാകവി പി. കുഞ്ഞിരാമന്‍ നായരാണ്. ”മണ്ഡലമാസപ്പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ..” എന്ന് എം.കെ. അര്‍ജ്ജുനന്‍ സംഗീത സംവിധാനം ചെയ്ത് പി. ജയചന്ദ്രന്‍ പാടിയ ആ വരികള്‍ മഹാകവിയുടേതാണ്.
മലയിലേക്കുള്ള വഴിയും മാര്‍ഗ്ഗവും ഗതിയും വിവരിച്ച് കവി പി, ശബരീശ സാന്നിദ്ധ്യത്തെ വിവരിക്കുന്ന മറ്റൊരു കവിതയുണ്ട്, അതില്‍ ശബരമലയും ശാസ്താവും ‘പച്ചമരുന്നാ’ണ്. എന്തിനുള്ള പച്ചമരുന്നെന്നോ? ‘മാറാ ജനിമൃതിരോഗം മാറ്റുന്ന പച്ചമരുന്ന്.’ കവി പാടുന്നു:
”പമ്പാനദിയുടെ കരയില്‍ കാട്ടില്‍
പച്ചമരുന്നുണ്ടേ, ഒരു പച്ചമരുന്നുണ്ടേ
മാറാജനിമൃതിരോഗം മാറ്റും പച്ചമരുന്നുണ്ടേ
മലനാടില്‍ മല പച്ചമഹൗഷധി തേടിപ്പോണോരേ
മരണം മാറ്റും പച്ചമരുന്നിന്‍ ചാറുകുടിച്ചോരേ
മധുരച്ചാറുകുടിച്ചോരേ
നിങ്ങള്‍ പോകുമാവഴി ദൂരെ,
താരകള്‍ ദീപം കാട്ടും, ദുര്‍ഗ്ഗമമാവഴിദൂരെ…” എന്ന് കവിതയുമായി (1976) പതിനെട്ടാം പടികള്‍ കയറുന്നു.
മഹാകവി പിയെ ഭക്തകവിയെന്ന് വിളിച്ച് ഒതുക്കി നിര്‍ത്തിയവര്‍ അതേപോലെ ‘പദവി’ ചാര്‍ത്തിക്കൊടുത്ത് ‘മറുവശത്താ’ക്കിയ കവി എസ്. രമേശന്‍ നായര്‍ എഴുതിയിട്ടുണ്ട്, അയ്യപ്പ സ്തുതികളും കീര്‍ത്തനങ്ങളും ഏറെ. ശബരിമല തീര്‍ത്ഥാടനകാലം ഒരിടവേളക്കാലത്ത് പാട്ടുകളിലൂടെയുള്ള ശരണാഘോഷമായിരുന്നു. അക്കാലത്ത് അയ്യപ്പഗീതങ്ങള്‍ പാടാത്ത ഗായകരില്ലായിരുന്നു, അവര്‍ പാടിയ കാസറ്റുകളും സിഡികളും സ്വന്തമാക്കാത്ത വിശ്വാസികളും സംഗീതാരാധകരും കുറവായിരുന്നു. അക്കാലത്ത് രമേശന്‍ നായര്‍ എഴുതിയ അയ്യപ്പഗാനങ്ങള്‍ക്ക് കൃത്യകണക്കില്ല, എത്രയെത്ര ഗാനരചയിതാക്കള്‍ അക്കാലത്ത് പ്രസിദ്ധരായി! രമേശന്‍നായരുടെ കവിതകള്‍ അതില്‍ മുന്നില്‍ നില്‍ക്കുന്നു: മകരവിളക്ക്, വൃശ്ചികക്കണി, ധര്‍മ്മരക്ഷകന്‍, അയ്യപ്പാഞ്ജലി, തത്ത്വമസി എന്നിങ്ങനെ ചിലതുമാത്രം. ‘വൃശ്ചികക്കണി’യില്‍നിന്ന്:
”പിന്നെയും വൃശ്ചികമെത്തീ മണികണ്ഠ
പ്പൊന്‍കണി കാണാന്‍ വരുന്നൂ ഞങ്ങള്‍
വിശ്വാസം മാത്രമല്ലീ രക്ഷ ജീവിത
വിസ്മയത്തിന്‍ വരദാനഭിക്ഷ
ആരെനാമാരെനാം വിശ്വസിക്കും ധര്‍മ്മ-
രൂപനാമയ്യപ്പന്‍തന്നെ രക്ഷ
മാമലനാടിന്‍ മഹിമകാക്കാന്‍ നമു-
ക്കാരുണ്ടൊരാശ്രയം ശൈവപുത്ര!”
അയ്യപ്പ കവിതയില്‍ വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് മലചൊരിഞ്ഞ മഞ്ജിമയും മാധുര്യവും ഒന്നുവേറേതന്നെയാണ്. ആഗ്രഹമേറെയുണ്ടായിരുന്നിട്ടും ശബരിമലയില്‍ പോകാനാ
ന്‍ കഴിയാഞ്ഞ വയലാര്‍ എഴുതി:
”ശബരിമലയില്‍ തങ്കസൂര്യോദയം…,”
”തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി…”
കവി ശ്രീകുമാരന്‍ തമ്പിയുടെ ശബരീശ ഗാനങ്ങളും പലതുണ്ട്.
സിനിമയില്‍, നാടകത്തില്‍, കഥകളില്‍, കഥാപ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നു ഒരുകാലത്ത് സ്വാമിനാമം. ഇടയ്‌ക്ക് മറ്റു പല രംഗത്തുമെന്നപോലെ സാഹിത്യ-കലാ മേഖലയിലും ആത്മീയ ദര്‍ശനങ്ങള്‍ക്ക് പ്രയോഗം കുറഞ്ഞു. എങ്കിലും, അടുത്തിടെ ഇറങ്ങിയ ഒരു നോവലില്‍ നിന്ന്:-
”നരേന്ദ്രന്‍ പറഞ്ഞു: കുറേക്കാലമായി അയ്യപ്പനെക്കുറിച്ച് വായിച്ചുകൊണ്ടിരിക്കുകയാണ്. അവിശ്വസനീയമാണ് പലകഥകളും. മോഹിനീസുതന്‍, മാളികപ്പുറത്തിന്റെ വിവാഹാഭ്യര്‍ത്ഥന, കന്നിഅയ്യപ്പന്മാരില്ലാതായാല്‍ കല്യാണം എന്നിങ്ങനെ അടിസ്ഥാനമില്ലാത്ത കുറേ കെട്ടുകഥകളില്‍ അയ്യപ്പനെ കെട്ടിയിടാനാണ് ഭക്തര്‍ക്കുപോലും താല്‍പര്യം. അതുകൊണ്ടാണ് പുതിയ കെട്ടുകഥകള്‍ ഉണ്ടാക്കാന്‍ പലര്‍ക്കും തോന്നുന്നത്.
പ്രത്യൂഷ് പറഞ്ഞു: വളരെ ശരിയാണ്. യഥാര്‍ത്ഥ അയ്യപ്പനെ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴേ അയ്യപ്പ ധര്‍മ്മത്തെ കേന്ദ്രീകരിച്ച് സമൂഹത്തെ പുനഃസൃഷ്ടിക്കാന്‍ സാധിക്കൂ.”
2023-ല്‍ ഇറങ്ങിയ ‘ഇരുമുടി’ എന്ന ഈ നോവല്‍ രവിവര്‍മ്മ തമ്പുരാന്റേതാണ്.
2021-ല്‍ ഒരു മണ്ഡലക്കാലമടുത്തടുത്തുവരവേ, ശബരിമലയിലേക്കും അയ്യപ്പതത്ത്വത്തിലേക്കും എന്റെ മനസ്സു നടക്കാന്‍ തുടങ്ങി. അത് നിഷ്ഠയായി, വ്രതാക്ഷരങ്ങളായി, ഒരു ദിവസം ഒന്നെന്ന നിലയില്‍ കവിത പിറന്നു. അതിന് തുടര്‍ച്ച വന്നു, അത് മലകയറ്റത്തിന്റെ വഴിയിലൂടെ നടന്നു. അങ്ങനെ ‘കര്‍പ്പൂരാഴി’ വളര്‍ന്നു. 41 മണ്ഡലം ചുറ്റി, മണ്ഡലപൂരണത്തില്‍ ശബരീശ സന്നിധിയില്‍ ആ അക്ഷരക്കെട്ട് ഇങ്ങനെ സമര്‍പ്പിച്ചു:
”ആഴിയ്‌ക്കുള്ളിലെരിച്ചിതൈഹിക
മഹാമോഹങ്ങളെല്ലാം, ത്യജി-
ച്ചൂഴിക്കെങ്ങനെ ചൂഴുമീ ബഹുവിധം
ഖേദങ്ങളില്ലാത്തനാള്‍
വാഴിയ്‌ക്കാ,മതിനിന്നിതെന്റെ
സകലം നെയ്യായുരുക്കാം മഹദ്-
ഭാഗ്യം ചേര്‍ത്തിടുവാനതിന്നു
വഴികാട്ടി,ക്കാട്ടിലെക്കൂട്ടിനാല്‍”
അയ്യപ്പനും ശബരിമലയും പൂങ്കാവനവുമൊക്കെ വിഷയമായതിനാലാവാം പുലിയെ ഓര്‍മ്മിപ്പിക്കുന്ന ‘ശാര്‍ദ്ദൂലവിക്രീഡിതം’ വൃത്തത്തിലാണ് വാര്‍ന്നത്. തുടക്കശ്ലോകം ഇങ്ങനെ അവസാനിച്ചു:
”നാടൊന്നായിമുഴക്കുമീ
ശരണമന്ത്രത്തിന്റെ സത്തായിനി-
സ്സ്വാമീനാദമുയര്‍ന്നലിഞ്ഞു
നിറവേകട്ടേ ദിവംരാത്രികള്‍”
സത്യമാണ്, ദിനങ്ങളും രാത്രികളും അയ്യപ്പതത്ത്വത്തിന്റെ ചിന്തയിലായിരുന്നു. അവ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ ഏറെപ്പേര്‍ പ്രതികരിച്ചു, പ്രോത്സാഹിപ്പിച്ചു. 2022-ല്‍ ‘കര്‍പ്പൂരാഴി’ പുസ്തകമായി, ‘കൃഷ്ണകിരീടവും കര്‍പ്പൂരാഴി’യും എന്ന പേരില്‍. പ്രസിദ്ധ നോവലിസ്റ്റും ഉയര്‍ന്ന ആത്മീയചിന്തകനും പ്രഭാഷകനും മറ്റുമായ പി.ആര്‍. നാഥ്‌ന്റെ അവതാരികയോടെ.
അവതാരികയില്‍ അദ്ദേഹം എഴുതി:
”പണ്ഡിതോചിതമായ രചനകള്‍ എന്ന് വിശേഷിപ്പിക്കുന്നതാവും ശരി. ദൈവികമായ ഒരു ശക്തിവിശേഷത്തിന്റെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ ഒരു കവിക്ക് ഇങ്ങനെ രചന നിര്‍വഹിക്കുവാന്‍ സാധിക്കുകയുള്ളു. അയ്യപ്പ തത്ത്വത്തിന്റെ അകപ്പൊരുള്‍ അന്വേഷിക്കുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കവി. അത് മനോഹരമായി അനുവാചക ഹൃദയത്തില്‍ സന്നിവേശിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.” കോഴിക്കോട്ടെ വേദ ബുക്സ് ‘കര്‍പ്പൂരാഴിയും കൃഷ്ണകിരീടവും’ പ്രസിദ്ധീകരിച്ചു.
മണ്ഡലകാലത്തെ ആ ശ്ലോകങ്ങള്‍ ഇന്നു മുതല്‍ സംസ്
കൃതിയില്‍ വായിക്കാം: ചെറിയ വിശദീകരണത്തോടെ: ‘മണ്ഡലവഴിയില്‍.’