• Mon. Sep 22nd, 2025

24×7 Live News

Apdin News

അയ്യപ്പനോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാംഗ്മൂലം തിരുത്തണം: കെ അണ്ണാമലൈ

Byadmin

Sep 22, 2025



പന്തളം:അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാംഗ്മൂലം തിരുത്തണമെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.യുവതീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ് മൂലമാണ് അദ്ദേഹം പരാമര്‍ശിച്ചത്.

ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന്‍ തങ്ങള്‍ക്ക് ക്ലാസെടുത്ത് തരേണ്ടെതില്ല. കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതിയെന്നും കെ അണ്ണാമലൈ പറഞ്ഞു.ശബരിമല സംരക്ഷണ സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അണ്ണാമലൈ .

2018ല്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്നും അണ്ണാമലൈ ചോദിച്ചു.സനാതന ധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയാണ് കേരള സര്‍ക്കാര്‍ അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്. സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു.രാഷ്‌ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയതെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.നിയമസഭാ സ്പീക്കര്‍ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ അണ്ണാമലൈ ചൂണ്ടിക്കാട്ടി.

ശബരിമല സംരക്ഷണ സംഗമം, രാവിലെ വികസനം, വിശ്വാസം, സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറുകളോടെ ആയിരുന്നു തുടങ്ങിയത്.നിരവധി ഹൈന്ദവ സംഘടനാ നേതാക്കള്‍ സെമിനാറുകളില്‍ പങ്കെടുത്തു. ശബരിമല തന്ത്രിയും മകനും ചേര്‍ന്ന് സംഗമത്തിന് ദീപം തെളിച്ചു.

ഉച്ചയ്‌ക്ക് തിരിഞ്ഞ് നടന്ന ഭക്തജന സംഗമം, തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്തു.ബി ജെ പി കേരള ഘടകം അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍,തേജസ്വി സൂര്യ ഉള്‍പ്പെടെബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. വിജി തമ്പി, ജെ നന്ദകുമാര്‍, ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി തുടങ്ങിയവര്‍ സംസാരിച്ചു. കുമ്മനം രാജശേഖരന്‍, ആര്‍ വി ബാബു, വത്സന്‍ തില്ലങ്കേരി തുടങ്ങിയവരും സംബന്ധിച്ചു.

വീരമണി കണ്ണന്‍ ഹരിവാസനം പാടിയാണ് പരിപാടി അവസാനിപ്പിച്ചത്.ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് പരിപാടിയില്‍ സംബന്ധിക്കാനെത്തിയത്.

 

 

By admin