• Sun. Oct 19th, 2025

24×7 Live News

Apdin News

അയ്യപ്പന്റെ സ്വര്‍ണം ആരാണ് കട്ട് വിറ്റതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം; വി.ഡി സതീശന്‍

Byadmin

Oct 19, 2025


ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കപടഭക്തിയുടെ പ്രകടനമായിരുന്നു അയ്യപ്പ സംഗമമെന്നും ശബരിമലയെ അവഹേളിക്കുന്ന സര്‍ക്കാരിന് അയ്യപ്പശാപമാണ് ഏറ്റതെന്നും വി ഡി സതീശന്‍ പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം ആരാണ് കട്ട് വിറ്റതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്നും സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് പറയാന്‍ കടകംപള്ളി സുരേന്ദ്രന് ധൈര്യമുണ്ടോയെന്നും വി.ഡി സതീശന്‍ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു വീട് നിര്‍മിച്ചുകൊടുത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നും അതിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശന്‍ ആരോപിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ് 2019ല്‍ ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചതെന്ന് അറിയാവുന്ന ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുംകൂടി തിരുവാഭരണ കമ്മീഷണറുടെ കത്ത് മറികടന്ന് വീണ്ടും അയാളുടെ കൈയില്‍ തന്നെ കൊടുത്തുവിടാന്‍ തീരുമാനമെടുത്തെന്നും വി ഡി സതീശന്‍ പറഞ്ഞു. ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

തനിക്ക് കുറച്ചേ കിട്ടിയുള്ളൂ, ബാക്കിയെല്ലാം അവര്‍ കൊണ്ടുപോയി എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്. ആരാണ് അടിച്ചുകൊണ്ടുപോയതെന്ന് പിണറായി വിജയന്‍ പറയണമെന്നും അത്ര വലിയ കവര്‍ച്ചയാണ് നടന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിന് അയ്യപ്പഭക്തിയുണ്ടെങ്കില്‍ സുപ്രിംകോടതിയിലെ സത്യവാങ്മൂലവും നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ ഭക്തരുടെ പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്നതെന്നും യഥാര്‍ഥ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതുവരെകോണ്‍ഗ്രസും യുഡിഎഫും പോരാട്ടം തുടരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

By admin