
പത്തനംതിട്ട: ആന്ധ്രയില്‍ നിന്നും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍.വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍ ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35),കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തില്‍ താമസിക്കുന്ന സുമന്‍രാജ്, (34), പാമ്പനാര്‍ സ്വദേശി ലക്ഷ്മി കോവിലില്‍ സന്തോഷ് (49),പെരുവന്താനം സ്വദേശി കല്ലും കുന്നേല്‍ ഗിരീഷ്, (34) എന്നിവരാണ് അറസ്റ്റിലായത്.
പമ്പയില്‍ നിന്നും ഡോളിയില്‍ ശബരിമല സന്നിധാനത്തെത്തിച്ച് തിരികെ പമ്പയിലെത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുളള അനുവദനീയ തുക 12,500 രൂപയാണ്.എന്നാല്‍ ഇത് കൂടാതെ 11,500 രൂപ കൂടി അധികമായി കബളിപ്പിച്ചെടുക്കുകയായിരുന്നു പിടിയിലായവര്‍. ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശി വീരങ്കി സാംബവശിവ (42) യാണ് ഡോളിക്കാരുടെ തട്ടിപ്പിനിരയായത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ പമ്പ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ മാസവും ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പൈസ തട്ടിയെടുത്ത രണ്ട് ഡോളി തൊഴിലാളികളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ മാസം 18 ന് തിരക്കുമൂലം തീര്‍ത്ഥാടകരെ നിയന്ത്രിച്ചിരുന്നപ്പോള്‍ കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കാതെ കൂട്ടി കൊണ്ടുപോയി ശബരിമലയില്‍ ദര്‍ശനം നടത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 10000 രൂപ വാങ്ങി വാവര് നടയ്‌ക്ക് സമീപത്ത് എത്തിച്ചശേഷം കടന്നുകളഞ്ഞ പീരുമേട് സ്വദേശികളായ സ്വദേശി കണ്ണന്‍ , രഘു ആര്‍ എന്നിവരെയാണ് പിടികൂടിയത്.