• Thu. Sep 11th, 2025

24×7 Live News

Apdin News

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

Byadmin

Sep 11, 2025



തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയ ശേഷം ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിച്ച് കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടത്തുക. ഒക്ടോബര്‍ മാസത്തില്‍ സംഗമം നടത്താനാണ് നീക്കം.

മത സംഘടനാ നേതാക്കളോടും മറ്റും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കാനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരവെയാണ് സര്‍ക്കാര്‍ ഇത്തരം പരിപാടികളുമായി മുന്നോട്ട് പോകുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തുന്നത് ഭൂരിപക്ഷ പ്രീണനമാണെന്ന ആക്ഷേപം മറികടക്കാനാണ് ന്യൂനപക്ഷ സംഗമം നടത്തുന്നതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് സംഗമം സംഘടിപ്പിക്കുക.

അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത് കര്‍ശന നിര്‍ദേശങ്ങളുമായാണ് .പമ്പ നദിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം, കണക്കുകള്‍ സുതാര്യമായിരിക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് അയ്യപ്പ സംഗമം നടത്തുമെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും അറിയിച്ചു.അയ്യപ്പ സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. 45 ദിവസത്തിനുള്ളില്‍ കണക്കുകള്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ക്ക് കൈമാറണം. സാധാരണക്കാരായ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത് എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നില്‍ വച്ചത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് മൂവായിരത്തോളം പേര്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

By admin