ഇറാനും യുഎസ്-ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ സഹായിക്കുന്നതിനായി ഇസ്രായേൽ തങ്ങളുടെ പ്രശസ്തമായ അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം യുഎഇയിലേയ്‌ക്ക് അയച്ചതായി റിപ്പോർട്ട്. ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനായുള്ള സൈനികരെയും ഇസ്രായേൽ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. ഇസ്രായേൽ മറ്റൊരു രാജ്യത്ത് അയൺ ഡോം വിന്യസിച്ചത് ഇതാദ്യമാണ് . ഇറാനിയൻ മിസൈലുകൾ തടയാൻ യുഎഇ ഈ സംവിധാനം ഉപയോഗിച്ചുവെന്നാണ് സൂചന.
ഇറാൻ യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിനു പിന്നാലെയാണ് നെതന്യാഹു സൈന്യത്തോട് അയൺ ഡോം ബാറ്ററി, മിസൈലുകൾ (ഇന്റർസെപ്റ്ററുകൾ), ആവശ്യമായ ഓപ്പറേറ്റർമാർ അടക്കമുള്ള സംഘത്തെ യുഎഇയിലേക്ക് അയയ്‌ക്കാൻ ഉത്തരവിട്ടത്.
യുഎഇയിൽ വിന്യസിച്ചിരിക്കുന്ന അയൺ ഡോം സിസ്റ്റം, ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകളെ തടഞ്ഞുവെന്നാണ് സൂചന . യുഎഇയെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും ആക്രമിക്കുന്നത് തടയാൻ ഇസ്രായേൽ വ്യോമസേന തെക്കൻ ഇറാനിലെ ഹ്രസ്വ-ദൂര മിസൈലുകളും ആക്രമിച്ചു.യുഎഇ ഉദ്യോഗസ്ഥർ ഇസ്രായേലിന്റെ സഹായത്തെ വളരെയധികം പ്രശംസിക്കുകയും ചെയ്തു.
“ഞങ്ങൾ ഇത് ഒരിക്കലും മറക്കില്ല. ഇത് ഞങ്ങൾക്ക് ഒരു കണ്ണുതുറപ്പിക്കുന്ന നിമിഷമായിരുന്നു. ഞങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് ഞങ്ങൾ മനസ്സിലാക്കി. യുദ്ധസമയത്ത് യുഎഇക്ക് സൈനിക സഹായം, രഹസ്യാന്വേഷണം, നയതന്ത്ര പിന്തുണ എന്നിവ നൽകുന്നതിലൂടെ യുഎസും ഇസ്രായേലും യഥാർത്ഥ സഖ്യകക്ഷികളാണെന്ന് തെളിയിച്ചതായി യുഎഇ ദേശീയ സുരക്ഷാ കൗൺസിൽ മുൻ ഉദ്യോഗസ്ഥൻ താരിഖ് അൽ-ഒതൈബ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം ഈ സംഭവത്തിൽ ഇറാൻ കടുത്ത രോഷത്തിലാണ്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾ യുഎസിനും ഇസ്രായേലിനും അവരുടെ വ്യോമതാവളങ്ങൾ നൽകിയെന്നും യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തെന്നും ഇറാൻ ആരോപിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് , ഇറാന്റെ യുഎൻ പ്രതിനിധി ഈ അഞ്ച് അറബ് രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കത്തും നൽകി .