• Mon. Aug 18th, 2025

24×7 Live News

Apdin News

അയർലണ്ടിൽ സംഭവിക്കുന്നതിങ്ങനെ; അതിന് കാരണമുണ്ട്…

Byadmin

Aug 17, 2025



 

20 വർഷത്തിലേറെയായി അയർലണ്ടിൽ താമസിക്കുന്ന,തമിഴ് – തെലുങ്ക് സിനിമകളിലൂടെ പ്രശസ്തനായ തെന്നിന്ത്യൻ നടൻ സ്വരൂപ് ജന്മഭൂമിയോട്…

അയർലണ്ടിൽ വംശയീയാധിക്ഷേപത്തോടെയുള്ള ആക്രമണം എന്ന രീതിയിൽ വാർത്തകൾ വന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. 20 വർഷങ്ങൾക്ക് മുകളിലായി ഞാനും എന്റെ കുടുംബാംഗങ്ങളും ഈ നാട്ടിൽ താമസിക്കുന്നു. ഇന്നുവരെ ഒരു ഭാരതീയനും ഐറിഷ് ജനതയിൽ നിന്ന് ശാരീരികാക്രമണം നേരിട്ടുവെന്നൊരു വാർത്ത ഞങ്ങൾ കേട്ടിട്ടില്ല. കാരണം ഭൂമിയിലെ സ്വർഗ്ഗമായ ഭാരതത്തെപോലെ ഞാനിഷ്ടപ്പെടുന്ന മറ്റൊരു രാജ്യമാണ് അയർലണ്ടും. ഇന്ന് എനിക്കും എന്റെ കുടുംബത്തിനുമുള്ള ശ്രേയസ്സിനും ഐശ്വര്യത്തിനും മനഃസമാധാനത്തിനും എല്ലാം കാരണമായി തീർന്നത് അയർലണ്ടിന്റെ സംഭാവനകളാണ്.

അന്ന് കുറച്ചുപേർ മാത്രം

ഞങ്ങൾ ഇവിടെ വരുന്ന കാലത്ത് വളരെ കുറച്ച് ഭാരതീയരും ഏറെ കുറച്ച് മലയാളികളും മാത്രമായിരുന്നു ഇവിടെ. ആരും ഞങ്ങളെ മാറ്റി നിർത്തിയിരുന്നില്ല. എന്റെ ഐറിഷ് സുഹൃത്തുക്കൾക്ക് സ്പൈസിയായ കേരള ഭക്ഷണങ്ങൾ ഞാൻ വിളമ്പിയിരുന്നു, അവർ അത് ആസ്വദിച്ചു കഴിച്ചിരുന്നു. അന്ന് കേരളവുമായോ ചെന്നൈയുമായോ ബന്ധപ്പെടാൻ ഇത്രയും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഭാരതത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ വളരെ
കുറവായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമായി അകന്നു കഴിയുമ്പോൾ ഏകാന്തത ഇല്ലാതെ നിലനിർത്തിയിരുന്നത് ഈ നാട്ടിലെ നല്ല ആളുകളുടെ സഹകരണമാണ്.

മാന്യതയുടെ മുദ്രകൾ

വളരെ മാന്യതയോടെ ഇടപെടുന്ന സമൂഹമാണ് ഐറിഷ് ജനത. വെപ്രാളമില്ലാതെ ഒതുക്കത്തോടെയാണ് പൊതു സ്ഥലങ്ങളിലെ ഇടപെടൽ. ഡ്രൈവിങ്ങിൽ അവരുടെ മാന്യത പ്രത്യേകം എടുത്തു പറയേണ്ടതാണ്. എ്െന്ന ഏറെ സ്വാധീനിച്ചവരാണ് ഐറിഷ് സുഹൃത്തുക്കൾ, ഐറിഷ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ വച്ച് പരിചയപ്പെട്ട കീറോൺ ജെ. വാൽഷ് എന്ന ഐറിഷ്‌സംവിധായകനാണ് എന്നെ ആദ്യമായി അദ്ദേഹത്തിന്റെ സീരീസിൽ ഇന്ത്യൻ കഥാപാത്രമായി ഐറിഷ് ജനതയ്‌ക്കുമുന്നിൽ എന്നെ അവതരിപ്പിച്ചത്. ഐറിഷ് മണ്ണിൽ ഞങ്ങൾക്ക് സ്വന്തമായി ഭൂമിയും വീടുമെല്ലാം ഉണ്ടാകുന്നത് എന്റെ ഭാര്യ ഐറിഷ് ഗവണ്മെന്റ് സർവീസിൽ ഉദ്യോഗസ്ഥയായതുകൊണ്ടു മാത്രമാണ്. ഒരിക്കൽ ഡബ്ലിനിൽ വച്ച് എന്റെ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യം ഉണ്ടായപ്പോൾ എന്നെ അവിടെ പിടിച്ചു നിർത്തിയ ജെറി എന്ന ഐറിഷ് യുവ സുഹൃത്തിനെ എങ്ങനെ വിസ്മരിക്കും. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാത്ത സന്ദർഭങ്ങളിൽ പിതാവിന്റെയോ, സഹാദരന്റെയോ, സുഹൃത്തിന്റെയോ സ്ഥാനത്ത് നിന്ന് എന്നെ കൈപിടിച്ചുയർത്തിയ ഐറിഷ് ആളുകളോടുള്ള നന്ദിയും കടപ്പാടും ഒറ്റവാക്കിൽ ഒതുക്കാൻ കഴിയില്ല.

ഭഗിനി നിവേദിത

ഭാരതവുമായി വർഷങ്ങളുടെ ബന്ധങ്ങൾ ഉണ്ട് അയർലണ്ടിന്. സ്വാമി വിവേകാനന്ദന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി അയർലണ്ടുകാരിയായ മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന ഐറിഷ് യുവതി ഭാരതത്തിലേക്ക് വരികയും ‘ഭഗിനി നിവേദിത’യായി ഭാരതീയയായി ജീവിച്ചു മരിച്ചു. നമ്മുടെ ദേശീയഗാനമായ ജനഗണമനയുടെ ഇന്ന് കേൾക്കുന്ന ട്യൂൺ കംപോസ് ചെയ്തത് അയർലണ്ടിലെ കൗണ്ടി റോസ്‌കോമണിലെ ചെറിയ ഗ്രാമമായ ‘ബോയിൽ’ എന്ന സ്ഥലത്ത് ജനിച്ച മാർഗരറ്റ് കസിൻസ് എന്ന സംഗീതജ്ഞയാണ്. ഗോൾവേയിലെ ട്യൂഅം എന്ന സ്ഥലത്ത് ജനിച്ച മാഹ്യൂ എന്ന ഐറിഷ് വനിതയാണ് പ്രശസ്ത അഭിനേത്രി അമല അക്കിനേനിയുടെ മാതാവ്. അങ്ങനെ എത്രയോ ആളുകൾ അയർലണ്ടിൽ നിന്ന് ഭാരതത്തിൽ വന്നു ഭാരതീയരായി ജീവിക്കുന്നു. ഭാരത ദേശീയ പതാകയും അയർലണ്ടിന്റെ പതാകയും
ഒരേ നിറമാണ്. നമ്മളെപ്പോലെതന്നെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയ രാജ്യമാണ് അയർലണ്ടും. ആ സ്‌നേഹവും ഭാരതീയരോട് ഐറിഷ് ജനതയ്‌ക്കുണ്ട്. എന്നെ സംബന്ധിച്ച് അയർലണ്ട് ജീവിക്കാൻ വളരെ നല്ല സ്ഥലമാണ്. സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന ഒരു പാട് ഘടകങ്ങൾ അയർലണ്ടിൽ ഉണ്ട്. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മാന്യതകൾ പാലിച്ചാൽ ഒരു കുഴപ്പവും ഈ നാട്ടിലില്ല. അത്യാവശ്യം സഹൃദയരായ മലയാളി സുഹൃത്തുക്കൾ പരസ്പരം സഹകരിച്ചുകൊണ്ട് ഞങ്ങളുടെ കൂടെയുമുണ്ട്.

ഇപ്പോൾ
സംഭവിക്കുന്നത്

കൊവിഡിനുശേഷം കേരളത്തിൽ നിന്നും മറ്റു സംസഥാനങ്ങളിൽ നിന്നും ധാരാളം യുവാക്കൾ അയർലണ്ടിൽ പഠനത്തിനായെത്തി. എന്നാൽ നാട്ടിലെ കലാലയങ്ങളിൽ അവർ എങ്ങനെ പെരുമാറിയിരുന്നോ അതുപോലെ അവർ ഇവിടെയും പെരുമാറാൻ തുടങ്ങി. നമ്മൾ മറ്റൊരു രാജ്യത്ത് വന്നതാണ് ആ നാട്ടിലെ ജീവിതരീതിയുമായി ഒതുങ്ങി ജീവിക്കാൻ നമ്മൾ പഠിക്കണം, രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ഇവിടെ ഇല്ലാത്തതിനാൽ കേരളത്തിലെ
പല യുവാക്കളും സ്വന്തം വഴിക്കാണ് രാത്രികളിൽ നിരത്തുകളിൽ പെരുമാറുന്നത്. രാത്രികൾ ഉറങ്ങാനുള്ളതാണ് അലയാനുള്ളതല്ല.

വസ്തുവും വീടും വരെ ബാങ്കിൽ ഏല്പിച്ചാണ് ഭൂരിഭാഗം വിദ്യാർത്ഥികളെയും രക്ഷിതാക്കൾ കേരളത്തിൽ നിന്നും ഇങ്ങോട്ടയച്ചിരിക്കുന്നത്. എന്നാൽ യുവാക്കൾ അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. ഇത് കണ്ടു സഹികെട്ടാണ് വളരെ കുറച്ചു ശതമാനം ഐറിഷ്‌കാർ വിദേശീയരോട് അപമര്യാദയായി പെരുമാറുന്നത്. എന്നാൽ ഇതിലൊന്നും പെടാത്ത നിരപരാധികൾ ആണ് പലപ്പോഴും ആക്രമണത്തിന് ഇരയാകുന്നത് എന്നതാണ് സത്യം. എല്ലാ നാട്ടിലുമുണ്ട് നല്ലവരും ചീത്തവരും, വളരെ കുറച്ചു ആളുകൾ മാത്രമാണ് ഭാരതീയരോട് മോശമായി ഇടപെട്ടത്. അതും കൗമാരക്കാർ. അവർ നാളെ പക്വതയുള്ള യുവാക്കളായി മാറും അവർക്ക് നല്ല ബുദ്ധിയുണ്ടാകാൻ പ്രാർത്ഥിക്കുന്നു അതുപോലെ ആക്രമിക്കപ്പെട്ട നിരപരാധികൾക്ക് പിന്തുണയും നൽകുന്നു.

By admin