ഐപിഎല്ലിന് ഇന്ന് പൂരക്കൊടിയേറ്റം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനിയുള്ള രണ്ടുമാസക്കാലം ക്രിക്കറ്റ് ലഹരിയില്‍ ആറാടും.ജനപ്രിയ ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പിനാണ് ഇന്ന് കൊല്‍ക്കത്തയില്‍ തിരിതെളിയുക.
നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം.
ഇരു ടീമുകളും ഈ സീസണില്‍ പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ രജത് പാട്ടിദാറിന് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്.
കന്നി ഐപിഎല്‍ കിരീടമെന്ന വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തോടൊണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മൂന്നാം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഹെഡ് ടു ഹെഡ് മത്സരങ്ങളില്‍ കെകെആറിന് മികച്ച റെക്കോര്‍ഡുകളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ആര്‍സിബിക്കെതിരെ നടന്ന 34 മത്സരങ്ങളില്‍ 20ലും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം. 2022ല്‍ ആണ് ആര്‍സിബി അവസാനമായി കെകെആറിനെ പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്ലി ആകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം.
അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും. പത്ത് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. അതില്‍ രാജസ്ഥാന്‍ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്.
അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടു മത്സരങ്ങള്‍ വീതം കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാല് ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും.
ഓരോ ടീമിനും ആകെ 14 മത്സരങ്ങളുണ്ടാവും. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് കലാശപ്പോരാട്ടം.