• Wed. Nov 27th, 2024

24×7 Live News

Apdin News

അരവയർ നിറയ്‌ക്കാൻ ‘നാടോടി’, ഒടുവിൽ… | Kerala | Deshabhimani

Byadmin

Nov 27, 2024


തൃശൂർ> ‘അരവയർ നിറയ്‌ക്കാൻ   നാടാകെ ഓടുകയാണ്‌.  പാലക്കാട്‌ മുതലമടയിൽ പുറമ്പോക്ക്‌ ഭൂമിയിലാണ്‌ താമസിച്ചിരുന്നത്‌. പാലക്കാട്ട്‌  പണിയില്ല. അതിനാലാണ്‌  നാടാകെ ഓടുന്നത്‌. അതിനിടെ കൂട്ടത്തിൽ അഞ്ചെണ്ണം പോയി.  ഇതാണ്‌ ജീവിതം’  തൃപ്രയാറിൽ അപകടത്തിൽപ്പെട്ട നാടോടികളുടെ ബന്ധു ഈശ്വരി നെഞ്ചുപൊട്ടി കരഞ്ഞ്‌  പറഞ്ഞു.

എറണാകുളത്തുനിന്ന്‌ തൃപ്രയാറിൽ  എത്തിയിട്ട്‌  രണ്ടുമാസമേ ആയിട്ടുള്ളൂ.  പെണ്ണുങ്ങൾ കൂടുതലായും ആക്രിക്കച്ചവടം നടത്തും.  ആണുങ്ങൾ  സെപ്‌റ്റിക്‌ ടാങ്ക്‌ ക്ലീനിങ്ങിനുൾപ്പെടെ എല്ലാ കൂലിപ്പണിക്കും പോവും.  ഇപ്പോൾ കുറച്ചുദിവസമായി പണിക്കിറങ്ങാൻ പറ്റുന്നില്ല. കുറുവാസംഘം  ഇറങ്ങിയതിനാൽ,  തങ്ങളേയും  ആ കണ്ണിലൂടെ കാണുന്നു.  ഞങ്ങൾ  അങ്ങനത്തെ ആളുകളല്ലെന്ന്‌ പറഞ്ഞാലും മനസ്സിലാവുന്നില്ല. മറ്റുള്ളവരുടെ ജീവനെടുത്ത്‌ ഞങ്ങൾക്ക്‌ ജീവിക്കേണ്ട ആവശ്യമില്ല. പൊലീസിനോടും ഇക്കാര്യം പറയും. അപ്പോൾ ബസ്‌ കയറ്റിവിടും.

ലോറി ഇടിച്ചു തകർത്ത ബാരിക്കേഡ്

ലോറി ഇടിച്ചു തകർത്ത ബാരിക്കേഡ്

മൊത്തം എല്ലാരും ഒരുമിച്ചിരുന്നാൽ ശരിയാകില്ല. അതിനാൽ ഞങ്ങള്‌ പാലിയേക്കരയിലേക്ക്‌ പോയി ആക്രിക്കച്ചവടം നടത്തി.  ആക്രി വിൽക്കുന്ന സ്ഥലത്തുതന്നെ കിടക്കും.  ഇതിനിടെ  കഴിഞ്ഞദിവസം  മാമൻ കാളിയപ്പൻ തൃപ്രയാറിലേക്ക്‌ വരാൻ വിളിച്ചു.  രണ്ടുദിവസം കഴിഞ്ഞ്‌ വരാമെന്ന്‌  പറഞ്ഞു.  ഇതിനിടയിലാണ്‌  അഞ്ചുപേർ പോയെന്ന്‌ പറഞ്ഞ്‌ ചൊവ്വാഴ്‌ച രാവിലെ  ഫോൺ വന്നത്‌. ഞങ്ങൾ വന്നിരുന്നെങ്കിൽ ഞങ്ങളുടെ ജീവനും പോയെനേ.  

മക്കൾ ഹോസ്‌റ്റലിൽനിന്ന്‌ പഠിക്കുന്നുണ്ട്‌.  കാളിയപ്പൻ അസുഖം ബാധിച്ച്‌  മെഡിക്കൽ കോളേജിൽ നിന്ന്‌ വന്നിട്ട്‌ കുറച്ചു ദിവസമായിട്ടേയുള്ളൂ.  ഇതിനിടയിലാണ്‌ മരണം.  ഇതാണ്‌ ജീവിതമെന്നും ഈശ്വരി പറഞ്ഞു. 10 വർഷം മുമ്പ് കാളിയപ്പൻ ചെമ്മണം തോട് കോളനിയിലെത്തി കുടിൽ കെട്ടി താമസം തുടങ്ങി. എല്ലാവരും കുടുബസമേതം  വിവിധ സ്ഥലങ്ങളിൽ ആക്രി പെറുക്കാൻ പോകും. അവിടെത്തന്നെ കൂടാരം കെട്ടി താമസിക്കും.   രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ എല്ലാരും ചെമ്മണം തോടിൽ ഏതാനും ദിവസം ഒത്തുകൂടുകയാണ്‌ പതിവ്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin