ഇറ്റാനഗർ: ആരുണാചൽ പ്രദേശിൽ 5,100 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റാനഗറിലെ ഇന്ദിരാഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ, ഷി യോമി ജില്ലയിലെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികൾക്കും തവാങ്ങിലെ ഒരു കൺവെൻഷൻ സെന്ററിനും അദ്ദേഹം തറക്കല്ലിട്ടു. തുടര്‍ന്ന് പ്രധാനമന്ത്രി പൊതു റാലിയെ അഭിസംബോധന ചെയ്തു.
അരുണാചല്‍ പ്രദേശിലേക്കുള്ള എന്റെ സന്ദര്‍ശനം വളരെ പ്രത്യേകതയുള്ളതായി മാറി. നവരാത്രിയുടെ ആദ്യ ദിവസം തന്നെ എനിക്ക് മനോഹരമായ മലനിരകള്‍ കാണാന്‍ കഴിഞ്ഞു. ഇന്ന്, അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ജിഎസ്ടി സേവിംഗ്‌സ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഊര്‍ജ്ജം, ആരോഗ്യം, ടൂറിസം തുടങ്ങി നിരവധി മേഖലകളില്‍ അരുണാചല്‍ പ്രദേശിന് പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്, പ്രധാനമന്ത്രി മോദി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അരുണാചല്‍ പ്രദേശിനും മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും വലിയ ദോഷം വരുത്തിയിട്ടുണ്ട്. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ‘അഷ്ടലക്ഷ്മി’ എന്ന് വിശേഷിപ്പിച്ച മോദി, ബിജെപിയുടെ പ്രചോദനം വോട്ടുകളുടെ എണ്ണമല്ല, വികസനത്തോടുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
186 മെഗാവാട്ട് ശേഷിയുള്ള ടാറ്റോ-1 പദ്ധതി, അരുണാചൽ പ്രദേശ് സർക്കാരും നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡും (നീപ്കോ) സംയുക്തമായി 1,750 കോടി രൂപയ്‌ക്ക് വികസിപ്പിക്കും. പ്രതിവർഷം ഏകദേശം 802 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ നിന്നും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 240 മെഗാവാട്ട് ഹിയോ പദ്ധതി സംസ്ഥാന സർക്കാരും നീപ്കോയും ചേർന്ന് 1,939 കോടി രൂപയ്‌ക്ക് വികസിപ്പിക്കും. പ്രതിവർഷം 1,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
145.37 കോടി രൂപ ചെലവിൽ പിഎം-ഡിവൈൻ പദ്ധതി പ്രകാരം തവാങ്ങിൽ നിർമ്മിക്കുന്ന കൺവെൻഷൻ സെന്റർ, 1,500-ലധികം ആളുകൾക്ക് ആതിഥേയത്വം വഹിക്കാൻ ശേഷിയുള്ളതും ആഗോള നിലവാരം പുലർത്തുന്നതുമാണ്. ഇത് മേഖലയുടെ ടൂറിസത്തിനും സാംസ്കാരിക സാധ്യതകൾക്കും പിന്തുണ നൽകുകയും ചെയ്യും. തവാങ്ങിലെ അതിർത്തി ജില്ലയിൽ 9,820 അടിയിൽ കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ദേശീയ, അന്തർദേശീയ സമ്മേളനങ്ങൾ, സാംസ്കാരികോത്സവങ്ങൾ, പ്രദർശനങ്ങൾ എന്നിവ നടത്തുന്നതിനുള്ള ഒരു നാഴികക്കല്ലായി വർത്തിക്കും.