• Tue. Oct 15th, 2024

24×7 Live News

Apdin News

അരുണ്‍കുമാറിന് യോഗ്യതയില്ലെന്ന് എഐസിടിഇ ഹൈക്കോടതിയില്‍

Byadmin

Oct 15, 2024


തിരുവനന്തപുരം: സ്‌പെഷല്‍ റൂള്‍സ് ഭേദഗതിയിലൂടെ വിവാദമായ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന് മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി, കുസാറ്റ് മുന്‍ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ അഡീ. സെക്രട്ടറി എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. അരുണ്‍കുമാര്‍ ഒഴികെ, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരെല്ലാം ഐഎച്ച്ആര്‍ഡി കീഴിലുള്ള വിവിധ എന്‍ജിനീയറിങ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും സീനിയര്‍ പ്രൊഫസര്‍മാരുമാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ രണ്ടു പേര്‍ക്കേ എഐസിടിഇയുടെ പുതിയ റെഗുലേഷന്‍ പ്രകാരം യോഗ്യതയുള്ളെന്നും സൂചനയുണ്ട്.

അതേസമയം അരുണ്‍കുമാറിന്റെ നിയമനം ചോദ്യം ചെയ്ത ഹര്‍ജി വാദം കേള്‍ക്കാനിരിക്കേ അദ്ദേഹത്തെ തിരക്കിട്ടു നിയമിക്കാന്‍ നീക്കമാരംഭിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡിലെ വിദഗ്ധ അംഗങ്ങളെ വിസിമാരാക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ നല്കി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരെ ഈ മാസം ഒഴിവു വരുന്ന സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വിസിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തുള്ള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ രാജ്ഭവന് നല്കിയിട്ടുണ്ട്.



By admin