കേരള തീരത്ത് അറബിക്കടലില്‍ കപ്പലില്‍ നിന്നും കാര്‍ഗോ കടലില്‍വീണതായി റിപ്പോര്‍ട്ട്. ഈ വസ്തുക്കള്‍ തീരത്തേക്ക് അടിയാന്‍ സാധ്യതയുണ്ടെന്നും ആരും അടുത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അറിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.
ഓയില്‍ കാര്‍ഗോ മെയിന്റനന്‍സ് നടത്തുന്ന കപ്പലില്‍ നിന്നാണ് കാര്‍ഗോ കടലില്‍ വീണത്. മറൈന്‍ ഗ്യാസ് ഓയില്‍, വിഎല്‍എസ്എഫ്ഒ ഈ വസ്തുക്കളാണ് കടലില്‍ വീണത്. ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഈ എണ്ണകള്‍ എന്നതിനാല്‍ ആരും ഈ പെട്ടികളുടെ അടുത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്.
കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്.
കോസ്റ്റ് ഗാര്‍ഡില്‍ നിന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ആറ് മുതല്‍ എട്ട് കാര്‍ഗോകള്‍ കടലിലേക്ക് വീണു എന്നാണ് അറിയുന്നത്.