അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാൻ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ് വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി ചെയ്യുന്നത്. തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു. വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമാകും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. വോട്ടർ പട്ടിക പുറത്തുവന്നാൽ പ്രത്യേക പരിശോധന നടത്തും. ഒരാഴ്ച വോട്ടർ പട്ടിക ഗൗരവത്തോടെ പരിശോധിക്കും. ഒരു പരിശോധനാ വാരം തന്നെ യുഡിഎഫ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമത്തിൽ നിന്നും ആരോഗ്യമന്ത്രി പിന്മാറി. താൽക്കാലിക പിന്മാറ്റമാണോയെന്ന് അറിയില്ല. മന്ത്രി വലിയ വാശിക്കാരിയാണെന്നും കോൺഗ്രസ് ഡോ. ഹാരിസിനെ ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് പ്രാവശ്യം നിലപാട് മാറ്റിയ ആളാണ് മന്ത്രി. മന്ത്രി ഇനിയും നിലപാട് മാറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ നിന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയപ്പോഴാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. തുടർന്ന് എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകൾ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡൽഹി വേദിയായി. വോട്ടുകൊള്ള, ബിഹാർ വോട്ടർപട്ടിക പരിഷ്കരണം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാർച്ച്. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
റോഡിൽ കുത്തിയിരുന്ന് എംപിമാർ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ മുപ്പത് എംപിമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നേതാക്കൾ നിരസിച്ചു. മുഴുവൻ എംപിമാമാരുമായും ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. വിഷയം പാർലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷബഹളത്തിൽ ഇരുസഭകളും തടസ്സപ്പെട്ടു.