പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന വിവാദ നിരീക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ പ്രതികളായ പവൻ, ആകാശ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അലഹാബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതാണ് വിവാദ നിരീക്ഷണം.
കേസ് പ്രകാരം, പ്രതികൾ 11 വയസുള്ള പെൺകുട്ടിയുടെ മാറിൽ പിടിക്കുകയും ആകാശ് എന്ന പ്രതി പെൺകുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംഭവം കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന ബലാത്സംഗ ശ്രമമാണ് നടന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെ ബന്ധപ്പെട്ട വിചാരണ കോടതി പോക്സോ നിയമത്തിലെ സെക്ഷൻ 376, സെക്ഷൻ 18 (കുറ്റകൃത്യം ചെയ്യാനുള്ള ശ്രമം) എന്നീ വകുപ്പുകൾ പ്രകാരം സമൻസ് ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ ഐ.പി.സി 376-ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കേസിൽ ഐ.പി.സി 354, 354(ബി) വകുപ്പുകളോ പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളോ ഉൾപ്പെടുത്തേണ്ടതില്ലെന്ന് വാദിച്ചുകൊണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് കേസിന്റെയും പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍, പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതായി അനുമാനിക്കാന്‍ കഴിയുന്ന ഒരു തെളിവും രേഖകളില്‍ ഇല്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി കണ്ടെത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വസ്ത്രത്തിന്റെ ചരട് പൊട്ടിച്ചു എന്നത് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയാണെന്ന് കരുതാൻ കഴിയില്ലെന്ന് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പറഞ്ഞു.
‘പ്രതികളായ പവനും ആകാശിനുമെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളും വസ്തുതകളും ബലാത്സംഗ ശ്രമ കുറ്റമായി കണക്കാക്കാൻ കഴിയില്ല. ആകാശിനെതിരെയുള്ള ആരോപണം പെൺകുട്ടിയെ വലിച്ചിഴച്ച് അവളുടെ പൈജാമയുടെ ചരട് പൊട്ടിച്ചുവെന്നതാണ്. പ്രതിയുടെ ഈ പ്രവൃത്തി കാരണം ഇര നഗ്നയായി എന്ന് സാക്ഷികൾ പറഞ്ഞിട്ടില്ല. പ്രതി ഇരയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി ഒരു ആരോപണവുമില്ല,’ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പറഞ്ഞു.
ഇത് കണക്കിലെടുത്ത്, പ്രതികൾക്കെതിരെ ചുമത്തിയ ആരോപണങ്ങൾ ശരിയല്ലെന്നും ബലാത്സംഗ ശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. എങ്കിലും ഐ.പി.സി സെക്ഷൻ 354(ബി) പ്രകാരം, ( സ്ത്രീയുടെ വസ്ത്രം അഴിക്കുകയോ നഗ്നയാക്കുകയോ ചെയ്യുക) ഇവർക്കെതിരെ കുറ്റം ചുമത്താമെന്നും ബെഞ്ച് പറഞ്ഞു.