കശ്മീര്‍: പുല്‍വാമ ചോരയില്‍ കുതിര്‍ന്ന ഓര്‍മ്മയാണ് ഓരോ ഭാരതീയനും. മറ്റൊരു വശംകൂടിയുണ്ട് പുല്‍വാമ എന്ന പേരിന്. അക്ഷരമെഴുതി പഠിക്കുന്ന കുട്ടികള്‍ കുറ്റിപ്പെന്‍സില്‍ കൊണ്ട് നോട്ടുപുസ്തകത്തില്‍ കോറിയിടുന്നൊരു കറുത്തോര്‍മ്മ കൂടിയാണ് പുല്‍വാമ. രാജ്യത്തിന് എഴുതി പഠിക്കാന്‍ വേണ്ട പെന്‍സില്‍ മുഴുവന്‍ തയ്യാറാക്കുന്നത് ഇതേ പുല്‍വാമയാണ്. പെന്‍സില്‍ നിര്‍മാണത്തിനാവശ്യമായ മൃദുവായ തടി വെട്ടിയൊതുക്കുന്നതും അറുത്ത് തയ്യാറാക്കുന്നതും പുല്‍വാമയിലെ ‘ഓഖു’ ഗ്രാമത്തിലാണ്. രാജ്യത്തെ പെന്‍സില്‍ നിര്‍മാണ കമ്പനികള്‍ തങ്ങള്‍ക്കു വേണ്ട തടി തേടിയെത്തുന്നതും ഓഖുവില്‍. ‘മന്‍ കീ ബാത്തി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ‘പെന്‍സില്‍ ഗ്രാമ’മെന്നു വിശേഷിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
ഝലം നദിയുടെ തീരത്തെ തനത് ആര്‍ദ്രതയില്‍ പരുവപ്പെട്ടു വളരുന്ന പോപ്ലര്‍ മരങ്ങൡനിന്നാണ് പെന്‍സില്‍ നിര്‍മാണത്തിനുവേണ്ട തടി ശേഖരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ വളരുന്ന പോപ്ലര്‍ മരങ്ങളെക്കാള്‍ മൃദുവാണവ. ഇവയുടെ തടിയില്‍നിന്ന് 5.2 മില്ലിമീറ്റര്‍ കനത്തിലുള്ള തടിക്കഷണങ്ങളായാണ് ശേഖരിക്കുക. നാല് പെന്‍സിലുകള്‍ നിര്‍മ്മിക്കാനുള്ള വലിപ്പം. ഇത്തരം കഷണങ്ങളിലാണ് നെടുനീളത്തിലുള്ള ലെഡ് (കറുത്തീയം) എഴുത്താണികള്‍ കമ്പനികള്‍ കുത്തിക്കയറ്റുന്നത്. ഗ്രാഫൈറ്റും സമൃദ്ധിയായി ഉപയോഗിച്ചുവരുന്നു. ഏതാണ്ട് ഒന്നര ഡസന്‍ വ്യവസായശാലകളാണ് ഓഖുവില്‍ പെന്‍സില്‍ നിര്‍മാണത്തില്‍ വ്യാപൃതമായിരിക്കുന്നത്. അതിലൂടെ 3000 പേര്‍ക്ക് ജോലി ലഭിക്കുന്നു. ഏതാണ്ട് 150 കോടി രൂപയുടെ വ്യവസായ ഇടപാടും.
ഏതാണ്ട് 200 ലക്ഷം പോപ്ലര്‍ മരങ്ങള്‍ ഝലം നദിക്കരയിലുണ്ടെന്നാണ് കണക്ക്. കൂടുതലും ലോകബാങ്കിന്റെ സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായി വളര്‍ന്നു വലുതായവ. പെന്‍സില്‍ നിര്‍മ്മാണത്തിനാവശ്യമായ മൃദുതടികള്‍ പണ്ട് കാലത്ത് നാം ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ രാജ്യത്തിനാവശ്യമായ മുഴുവന്‍ പെന്‍സിലും ഇവിടെത്തന്നെ നിര്‍മ്മിക്കുന്നു.