• Fri. Nov 28th, 2025

24×7 Live News

Apdin News

അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഭൂഗര്‍ഭ മദ്രസ; സംഭാവന നല്‍കിയവരില്‍ കൊടുംകുറ്റവാളി മുസഫിലും

Byadmin

Nov 28, 2025



ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഹരിയാനയിലെ ഫരീദാബാദിലുള്ള വിവാദ സ്ഥാപനമായ അല്‍ ഫലാഹ് സര്‍വകലാശാലയുടെ പരിസരത്തുള്ള ഭൂഗര്‍ഭ മദ്രസ നിരീക്ഷണത്തില്‍. സര്‍വകലാശാലയില്‍ നിന്ന് 900 മീറ്റര്‍ അകലെയാണ് ഭൂഗര്‍ഭ മദ്രസ.

ഫാരീദാബാദിലെ ധൗജിയില്‍ സര്‍വകലാശാലയുടെ പരിസരത്ത് പൂര്‍ണമായും ഒറ്റപ്പെട്ട പ്രദേശത്താണ് മദ്രസ. ഇത് മറ്റ് മദ്രസകളില്‍ നിന്നും വ്യത്യസ്തമാണെന്നും നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മദ്രസയ്‌ക്ക് ആവശ്യമായ ഫണ്ടിന്റെ സ്രോതസ്, സംഭാവന നല്‍കിയവരെ കുറിച്ചും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍, സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റിലായ മുസമില്‍ അഹമ്മദ് ഗനായ് മദ്രസയ്‌ക്കായി പണം നല്‍കിയിട്ടുണ്ട്.

സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും മദ്രസയിലേക്ക് വരാറുണ്ടെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കി. അടുത്തിടെ മദ്രസയില്‍ എത്തിയവരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടെ മുസമിലിന് വീട് വാടകയ്‌ക്ക് നല്‍കിയ കുടുംബത്തെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ വനിത ഡോ. ഷഹീന്‍ ഷാഹിദ് തന്റെ ഭാര്യയാണെന്ന് മുസമില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 2023 സപ്തംബറില്‍ അല്‍ ഫലാഹ് സര്‍വകലാശാലയ്‌ക്ക് സമീപമുള്ള പള്ളിയില്‍വച്ച് നിക്കാഹ് നടത്തിയതായാണ് വെളിപ്പെടുത്തല്‍.

ദല്‍ഹിയില്‍ ചാവേറായ ഡോ. ഉമര്‍ നബിക്ക് അഭയം നല്‍കിയ ഫരീദാബാദ് സ്വദേശിയും അല്‍ ഫലാഹ് സര്‍വകലാശാലയിലെ ലാബ് അസിസ്റ്റന്റുമായ സോയബ് കഴിഞ്ഞ ദിവസം അറസ്റ്റിലായി. സര്‍വകലാശാല ലബോറട്ടറിയുടെ പേരില്‍ രാസവസ്തുക്കള്‍ വാങ്ങാന്‍ സോയബ് ഉമറിനെ സഹായിച്ചിരുന്നു.

സോയബിന്റെ സഹോദര ഭാര്യയുടെ വസതിയിലാണ് സ്‌ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഉമര്‍ വാടകയ്‌ക്ക് താമസിച്ചിരുന്നത്. ഹരിയാന നൂഹിലെ ഹിദായത്ത് കോളനിയിലാണ് വീട്. ഉമറിന് വീട് വാടകയ്‌ക്ക് എടുത്ത് നല്‍കിയത് സോയബാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ വീട്ടിലാണ് ദല്‍ഹിയിലെ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. നവംബര്‍ 16 ന് ഹരിയാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഈ വീട് സീല്‍ ചെയ്തിരുന്നു. ദിവസങ്ങളായി സോയബിനെ എന്‍ഐഎയും മറ്റ് അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്ത് വരികയായിരുന്നു.

കശ്മീര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ‘വൈറ്റ് കോളര്‍’ ഭീകരവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ഏഴാമത്തെയാളാണ് സോയബ്.

By admin