
ന്യൂദല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളായ ഡോക്ടര്‍മാരുടെ കേന്ദ്രമായ അല്‍ ഫലാ യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്ന ഫണ്ടിംഗിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.
വിദേശരാജ്യങ്ങളിലെ ഭീകരവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെ ഫണ്ട് നല്‍കുന്നുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക.
ഈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏഴ് ഡോക്ടര്‍മാരാണ് പാകിസ്ഥാനിലെ ജെയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടനയുമായി ചേര്‍ന്ന് ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തത്. ജമ്മു കശ്മീരില്‍ നിന്നും തീവ്രവാദ ബന്ധം ആരോപിച്ച് അവിടുത്തെ അഡ്മിനിസ്ട്രേഷന്‍ പുറത്താക്കിയ പ്രൊഫസര്‍ക്ക് വരെ അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ഇസ്ലാമിക ഭീകരവാദികള്‍ക്ക്, പ്രത്യേകിച്ചും ജെയ്ഷ് എ മുഹമ്മദ് എന്ന പാക് തീവ്രവാദസംഘത്തിന്റെ പിണിയാളുകള്‍ക്ക് ജോലി നല്‍കുന്ന കേന്ദ്രമാണോ അല്‍ ഫലാ യൂണിവേഴ്സിറ്റി എന്നും കരുതപ്പെടുന്നു.
മാത്രമല്ല, ഈ സര്‍വ്വകലാശാലയും ജമ്മു കശ്മീരിലെ ഭീകരവാദവും തമ്മിലുള്ള ബന്ധമാണ് മറ്റൊരു ആശങ്ക. ജമ്മു കശ്മീരില്‍ ഭീകരവാദവുമായും ജെയ്ഷ് എ മുഹമ്മദുമായും ബന്ധമുള്ള ഡോക്ടര്‍മാരാണ് മുസമ്മിലും ഉമര്‍ നബിയും വനിതാഡോക്ടറായ ഷെഹീന്‍ ഷഹീദും. ഇതില്‍ മുസമ്മിലും ഉമര്‍നബിയും ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിന്നുള്ളവരാണ്. ജെയ്ഷ് എ മുഹമ്മദിന്റെ കേന്ദ്രമാണ് പഹല്‍ഗാം. ഇവര്‍ എങ്ങിനെ ഈ സര്‍വ്വകലാശാലയില്‍ പഠിപ്പിക്കാന്‍ എത്തുന്നു എന്നതിലും ആശങ്കയുണ്ട്. ഇവരെ അവിടെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തക്കതായ ഒരു ശൃംഖല രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍.
അല്‍ഫലാ സര്‍വ്വകലാശാല എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സര്‍വ്വകലാശാല ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. പുറത്താരുമറിയാതെ ഇവിടുത്തെ മുറികളില്‍ ജെയ് ഷ് എ മുഹമ്മദിന്റെ നേതാക്കളുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ പോലും ചര്‍ച്ചകള്‍ നടന്നു. ഡോക്ടര്‍മാര്‍ താമസിക്കുന്ന മുറികളില്‍ വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കപ്പെട്ടു.