കൊച്ചി: അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 380 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കള്ളപ്പണം വെളുപ്പിക്കലും 50 കോടിയോളം രൂപ പുറത്തേക്ക് കടത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ചില ശാഖകളില്‍ നിക്ഷേപകരുടെ പ്രതിഷേധം ഉയരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
. . പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനു പിന്നാലെയാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഷോറൂമുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ തട്ടിപ്പുകള്‍ കണ്ടെത്തിയത്.
സ്വര്‍ണ്ണത്തിന് മുന്‍കൂര്‍ പണം നല്‍കിയ നിക്ഷേപകരാണ് പ്രതിഷേധമുയര്‍ത്തുന്നത്. അല്‍ മുക്താദിര്‍ ഷോറൂമില്‍ പണം ചോദിച്ചെത്തുന്ന നിക്ഷേപകര്‍ കയര്‍ക്കുന്ന വീഡിയോ കാണാം. സ്ത്രീകളും ശബ്ദമുയര്‍ത്തുന്നത് കാണാം. ഇവിടെ പഴയ സ്വര്‍ണ്ണം വാങ്ങുന്നതില്‍ വന്‍തട്ടിപ്പ് നടന്നതായും പറയുന്നു. കുറഞ്ഞ പണത്തിന് സ്വര്‍ണ്ണം എടുത്തിട്ട് കൂടുതല്‍ തുകയ്‌ക്ക് എടുത്തതായി ബില്ല് ഉണ്ടാക്കുന്നതാണ് ഈ ജ്വല്ലറിയുടെ ഒരു വലിയ ക്രമക്കേടെന്ന് പറയുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കാനാണോ എന്നും സംശയം ഉയരുകയാണ്.
ഉപഭോക്താക്കളിൽ നിന്നും മുൻകൂർ പണം സ്വീകരിച്ചുള്ള സ്വർണ ഇടപാടുകളെകുറിച്ച് ആദായനികുതി പരിശോധിച്ചതിലും തട്ടിപ്പുണ്ടെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും കേരളത്തിലെ അല്‍ മുക്താദിര്‍ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വന്‍ നികുതി വെട്ടിക്കല്‍ , കള്ളപ്പണ നിക്ഷേപം എന്നിവയാണ് അന്ന് റെയ്ഡില്‍ പ്രധാനമായും പരിശോധിച്ചത്.
ജ്വല്ലറി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ജ്വല്ലറിയുടെ ഉടമ രംഗത്തുവരികയും റിപ്പോർട്ടുകൾ മറ്റ് ജ്വല്ലറികളുടെ വ്യാജ പ്രചാരണമെന്നും ആരോപിച്ചിരുന്നു. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയെടുത്തെന്ന് വ്യാപക പരാതി അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു.