
ഇസ്ലാമാബാദ് : പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന ഇറാൻ യുദ്ധം ഇതുവരെ ഏകദേശം 10 രാജ്യങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ഇസ്രായേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിക്കുകയാണ്. തൽഫലമായി ഈ മൂന്ന് രാജ്യങ്ങളും പരസ്പരം യുദ്ധത്തിലാണ്. ഇസ്രായേലിനൊപ്പം ഇറാൻ സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ടു. ഈ രാജ്യങ്ങളിൽ അമേരിക്കൻ സൈനികരെയും സൈനിക താവളങ്ങളെയും ഇറാൻ ലക്ഷ്യം വച്ചിട്ടുണ്ട്. എന്നാൽ ഇതിനിടെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായിരിക്കുന്നത് പാകിസ്ഥാനാണ്. അത് മറ്റൊന്നുമല്ല സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ കാരണം പാകിസ്ഥാൻ സംഘർഷത്തിൽ പങ്കുചേരുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്.
അടുത്തിടെ സൗദി അറേബ്യയ്‌ക്കെതിരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ ഈ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാകിസ്ഥാൻ ഇടപെടുമോ എന്നതാണ് ചോദ്യം. വാസ്തവത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാകിസ്ഥാൻ സൗദി അറേബ്യയുമായി ഒരു തന്ത്രപരമായ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം ഒരു രാജ്യത്തിനെതിരെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. ഇതിനർത്ഥം ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ, മറ്റേ രാജ്യം അതിനെ പ്രതിരോധിക്കാൻ എത്തുമെന്നാണ്. ഇപ്പോൾ ഈ കരാർ സംരക്ഷിക്കുക എന്ന വെല്ലുവിളിയാണ് പാകിസ്ഥാൻ നേരിടുന്നത്.
എന്നാൽ ഇറാനെതിരെ നടപടിയെടുക്കുക എന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. ഇറാൻ പാകിസ്ഥാന്റെ ഒരു പ്രധാന അയൽക്കാരനാണ്. കൂടാതെ അലി ഖമേനിയുടെ മരണശേഷം പാകിസ്ഥാൻ പൊതുജനങ്ങൾ ഇറാനോട് അനുകമ്പയുള്ളവരാണ്. അതിനാൽ ഇറാനെതിരെ നടപടിയെടുക്കുന്നത് പാകിസ്ഥാന്റെ സൈന്യത്തെയും സർക്കാരിനെയും സ്വന്തം നാട്ടിൽ ജനപ്രീതിയില്ലാത്തവരാക്കി മാറ്റും. അതോടെപ്പം തന്നെ സൗദി അറേബ്യയുമായുള്ള കരാർ സംരക്ഷിക്കുക എന്ന വെല്ലുവിളിയും പാകിസ്ഥാൻ നേരിടുന്നുണ്ട്.
അതേ സമയം നിലവിലെ സാഹചര്യത്തോട് പാകിസ്ഥാൻ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സൗദി അറേബ്യയുമായുള്ള പാകിസ്ഥാന്റെ കരാറിന്റെ ഭാവി. ഈ പ്രതിരോധ കരാർ ഉദ്ധരിച്ച് സൗദി അറേബ്യയെ ആക്രമിക്കുന്നതിൽ നിന്ന് ഇറാനെ തടഞ്ഞുവെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഒരു പ്രസ്താവനയിറക്കിയിരുന്നു. യഥാർത്ഥത്തിൽ പാകിസ്ഥാൻ ഒരു മധ്യസ്ഥത തേടുകയാണെന്നാണ് ഈ ഇടപെടലിലൂടെ കാണിക്കുന്നത്.
പാകിസ്ഥാൻ യുദ്ധത്തിൽ പങ്കുചേരുന്നത് ഒഴിവാക്കും
പാകിസ്ഥാന് യുഎസുമായി നല്ല ബന്ധവും സൗദി അറേബ്യയുമായി ഒരു പ്രതിരോധ കരാറും ഉണ്ടെങ്കിലും അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാക് സൈന്യം യുദ്ധത്തിൽ ഏർപ്പെടില്ലെന്ന് വിദഗ്‌ദ്ധർ വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാനുമായും ഇന്ത്യയുമായും അതിർത്തി സംഘർഷങ്ങൾ പാകിസ്ഥാൻ നേരിടുന്നുണ്ട്. ഇനി ഇറാനുമായുള്ള ഒരു സംഘർഷം അതിനെ കൂടുതൽ ഗുരുതരമായ പ്രശ്‌നത്തിലാക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.