
ഗ്രാമ-നഗര തെരഞ്ഞെടുപ്പുത്സവം കൊടിയിറങ്ങി. ജനാധിപത്യത്തിന്റെ ദുര്‍ബ്ബലമെങ്കിലും താരതമ്യേന സുതാര്യമാണീ താഴെത്തട്ട്. അത്യാവശ്യം കൂറുമാറ്റവും രാജിയും അരങ്ങ് കൊഴുപ്പിച്ചു. അവസാനത്തെ അധ്യക്ഷ തെരഞ്ഞെടുപ്പിലെ വെടിക്കെട്ട് കേമമായി.ചിലേടത്തൊക്കെ രായ്‌ക്കുരാമാനം പട്ടാഭിഷേകം മുടങ്ങി. തൂണും ചാരിനിന്നവര്‍ പെണ്ണിനേയും കൊണ്ടുപോയി. സ്വതന്ത്രര്‍ ഗോളടിച്ചതും കാണികള്‍ കണ്ടു.
സത്യപ്രതിജ്ഞയാണ് കേമം. യാതൊരുവിധ പക്ഷാഭേദങ്ങളുമില്ലാതെ താന്‍ പ്രവര്‍ത്തിക്കുമത്രെ! അതിന്റെ ഗൂഢാര്‍ത്ഥംകൂടി മനസ്സിലാക്കുന്നത് നന്ന്. ഞങ്ങളെന്നും നിങ്ങളെന്നും വേര്‍തിരിച്ചേ എന്തും ചെയ്യൂ എന്ന് സാരം. ചിരിക്കുന്നതില്‍പോലും പാര്‍ട്ടി പരിഗണനയുണ്ടാവാം. അഴിമതിരഹിത വികസനോന്മുഖ ഭരണം എന്നാണ് പുരപ്പുറത്തുകയറി വിളിച്ചുപറയുന്നത്. സീറ്റുകിട്ടാന്‍ മുതല്‍ അധികാരക്കസേരയിലിരിക്കാന്‍ വരെ നടത്തിയ പാദസേവകളും അഴിമതിയും വേറെ. അതൊക്കെ വസൂലാക്കണമെങ്കില്‍ വിട്ടുവീഴ്ചയില്ലാതെ അഴിമതിയുടെ പാതയില്‍ മുന്നേറേണ്ടിവരും.
ചില്ലറ അഴിമതികള്‍ക്കൊന്നും വാര്‍ത്താപ്രാധാന്യമോ മാര്‍ക്കറ്റോ ഇല്ലാത്ത കാലമാണിത്. (സ്വര്‍ണ്ണമാണ് താരം. ഇടയ്‌ക്ക് ചെമ്പിനും അവസരം കിട്ടിയെന്നത് വേറെ കാര്യം). കോടികളില്‍ കുറഞ്ഞ അഴിമതിക്കാരനെ ഒരു വിജിലന്‍സിനും വേണ്ട. ബിരിയാണിച്ചെമ്പും ദ്വാരപാലകപാളിയും മുതല്‍ പി.വി. അന്‍വര്‍ വരെ കാഞ്ചനപ്രഭയിലാണ്. അയ്യപ്പന്റെ ശ്രീകോവിലില്‍ കയറിപ്പറ്റിയവര്‍ അധികാരത്തിന്റെ ഗര്‍ഭഗൃഹങ്ങളിലും വിലസുന്നുണ്ടത്രെ. പോറ്റിയുടെ ഉദയാസ്തമനപൂജകള്‍ക്ക് മന്ത്രിയും തന്ത്രിയുമൊക്കെ കൂട്ടുനിന്നുവെന്നും കേള്‍ക്കുന്നു.
അഴിമതിയുടെ ജനാധിപത്യവല്‍ക്കരണം നടക്കുന്ന ചില വകുപ്പുമുണ്ട്. ഒരു ആധാരം നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യണമെന്ന് കരുതുക. നിയമവിധേയമായിട്ടുള്ളതിനും അല്ലാത്തതിനും നിശ്ചിത റേറ്റുണ്ട്. വിലപേശലിനൊന്നും സ്‌കോപ്പില്ല. വൈകിട്ട് ആഫീസര്‍ മുതല്‍ തൂപ്പുകാര്‍വരെ വട്ടമിട്ടിരുന്നു പങ്കിട്ടെടുക്കും. ആളോഹരി ആനന്ദം. തര്‍ക്കവും കാലുവാരലുമൊന്നും ഇക്കാര്യത്തില്‍ ഭേദങ്ങളൊന്നുമില്ല. ജീവനക്കാര്‍ക്കിടയിലെ ചാതുര്‍വര്‍ണ്ണ്യമൊന്നും ഇക്കാര്യത്തില്‍ ബാധകമല്ല. ആധാരമെഴുത്തുകാര്‍ ഇടനിലക്കാരായിനിന്ന് വേണ്ടതു ചെയ്യും.
ഈ സഹകരണം മറ്റൊരു വിധത്തില്‍ പിഡബ്ല്യുഡിയിലുമുണ്ട്. ശതമാനക്കണക്കാണിവിടെ. മോട്ടോര്‍ വാഹന വകുപ്പില്‍ ഏജന്റിന്റെ കൗണ്ടറിലൂടെയാണ് പിരിവ്. പോലീസില്‍ ഒരു വ്യവസ്ഥയുമില്ല. ഡിഐജി മുതല്‍ താഴോട്ട് തരംപോലെ മിടുക്കു കാണിക്കും. വില്ലേജിലും താലൂക്കിലും ആശുപത്രിയിലുമൊക്കെ വെവ്വേറെ രീതികളാണ്.
ഒരിക്കല്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ സമ്മാനിച്ച ഡയറിയില്‍നിന്നും നോട്ടുവച്ച കവറുകള്‍ കിട്ടി. വിവരം പറഞ്ഞപ്പോള്‍ ഡോക്ടര്‍ ലാഘവത്തോടെ പറഞ്ഞു: ”അതൊക്കെ രോഗികള്‍ അവരുടെ മനസമാധാനത്തിന് തരുന്നതാണ്. ഞങ്ങള്‍ തുറന്നുനോക്കാറില്ല. കവറും ചികിത്സയും കൂട്ടിക്കുഴക്കാറുമില്ല!” കൈക്കൂലിക്ക് ഇങ്ങനെയും ഒരു മനശാസ്ത്രമുണ്ടെന്ന്, അപ്പോഴാണറിയുന്നത്.
റിട്ടയര്‍ ചെയ്തശേഷം കവിയും ഗ്രന്ഥകാരനുമായി മാറിയ ഒരു സര്‍ക്കാര്‍ ഡോക്ടറെ കാണേണ്ട ആവശ്യം വന്നു. ഇളയമകള്‍ക്ക് അസുഖം. കണ്‍സള്‍ട്ടിങ് കഴിഞ്ഞ് മടങ്ങാന്‍ നേരത്ത് മൂത്തമകള്‍ കഴിക്കുന്ന ഒരു മരുന്നിന്റെ സംശയം ചോദിച്ചു. എല്ലാം വിശദമായി പറഞ്ഞുതന്നു. കണ്‍സള്‍ട്ടീങ് ഫീസ് മേശപ്പുറത്തുവച്ചു യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങവെ ഡോക്ടര്‍ പറഞ്ഞു: ”ഇത് ഒരാളുടെ ഫീസേ ആയുള്ളൂ!”ഞാനുടനെ രണ്ടാമത്തെ ആളുടേതും ഫീസ് മേശപ്പുറത്ത് വെച്ചു.
അഴിമതി ജന്മാവകാശമായി കരുതുന്ന അധികാരികളും കാര്യം നടക്കാന്‍ ദക്ഷിണയും ദണ്ഡനമസ്‌കാരവുമാകാമെന്നു കരുതുന്ന പൗരജനങ്ങളും ഉള്ളിടത്തോളം അഴിമതി തഴച്ചുവളരുകതന്നെ ചെയ്യും. ജനങ്ങളുടെ നികുതിക്കു പുറമെ പണം വന്നു കുമിഞ്ഞുകൂടുന്ന രണ്ടിടങ്ങളാണ് ഉള്ളത്. മദ്യഷാപ്പും ആരാധനാലയങ്ങളും. ഗുരുവായൂരും ശബരിമലയും രാഷ്‌ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നതിലത്ഭുതമില്ല. ക്ഷേത്രഭണ്ഡാരങ്ങളിലാണ് അവരുടെ കണ്ണ്. മനസമാധാനം തേടി ഭക്തര്‍ അര്‍പ്പിക്കുന്ന വഴിപാടുകള്‍, ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഭരണസമിതികള്‍ അടിച്ചുമാറ്റുന്നു. ക്ഷേത്രഭരണം പിടിക്കാന്‍ വിപ്ലവ-നിരീശ്വരവാദക്കാര്‍പോലും മത്സരിക്കുന്നത് വെറുതെയല്ല!
നെയ്യഭിഷേകം സ്വാമിക്ക്… കര്‍പ്പൂരദീപം സ്വാമിക്ക്… കല്ലും മുളളും കാലുക്ക് മെത്ത…
കാശും സ്വര്‍ണ്ണോം ഭരണക്കാര്‍ക്ക്!
യോഗദണ്ഡും രുദ്രാക്ഷമാലയും കടത്തുന്നവര്‍ അമ്പലക്കള്ളന്മാരെയും കടത്തിവെട്ടിയിരിക്കുന്നു.
ക്ഷേത്രഭണ്ഡാരവും വിഗ്രഹങ്ങളും അടിച്ചുമാറ്റി ഉപജീവനം കഴിച്ചുപോന്ന ഒറിജിനല്‍ കള്ളന്മാര്‍ക്ക് തൊഴിലില്ലാതായി.
അവര്‍ സംഘടിച്ച് തങ്ങള്‍ക്കും വേണം തൊഴിലുറപ്പ് പദ്ധതി എന്ന് പറയാനിടയുണ്ട്!