
കണ്ണൂര്‍: ‘അഴിമതി അവകാശമാക്കാന്‍ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാന്‍ അധ്വാനിക്കുന്നവരും ഉള്ളപ്പോള്‍ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകള്‍’ . നടി മഞ്ജു വാര്യരുടെ സന്ദേശ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ് പിപി ദിവ്യ പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് ദിവ്യയ്‌ക്കും നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ടിവി പ്രശാന്തനും എതിരെ നവീന്‍ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇവര്‍ 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തെറ്റായി ചിത്രീകരിച്ചു. നവീന്‍ ബാബു മരിച്ച ശേഷവും പ്രശാന്തന്‍ പലതവണ ഇത് ആവര്‍ത്തിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.ഹര്‍ജി ഫയലില്‍ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി ദിവ്യയ്‌ക്കും പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ നവീന്‍ ബാബുവിനെ കണ്ടെത്തിയത്. നാട്ടിലേക്ക് സ്ഥലംമാറിപോകുന്ന നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14 ന് വൈകിട്ട് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ പിപി ദിവ്യ എത്തി. ചടങ്ങിനിടയില്‍ പിപി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.