• Fri. Apr 24th, 2026

24×7 Live News

Apdin News

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

Byadmin

Apr 24, 2026


ഭാരതത്തിലെ അന്‍പത് ശതമാനത്തിലധികം വരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും സ്വപ്‌നങ്ങളും, പ്രതീക്ഷകളുമാണ് 230 പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് ഏപ്രില്‍ 16 നു പാര്‍ലമെന്റില്‍ തല്ലിക്കെടുത്തിയത്. നിയമസഭയിലും ലോക്സഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ”വനിതാ സംവരണ ബില്‍” അഥവാ ”നാരി ശക്തി വന്ദന്‍ അധിനിയം” നടപ്പിലായിക്കാണാന്‍ പതിറ്റാണ്ടുകളായി രാഷ്‌ട്രീയ ഭേദമെന്യേ, ജാതി മത ഭേദമെന്യേ, സംസ്ഥാന ഭേദമെന്യേ ഇന്നാട്ടിലെ നാരീശക്തി കാത്തിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയ ഒരു സീ റ്റിലും മത്സരിക്കാന്‍ സ്ത്രീകളില്ലാത്ത സാഹചര്യം ഇന്നില്ല. എതിരാളികളില്ലാതെ വിജയിച്ചു വന്നവരും ഇല്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലും ഒരങ്കത്തിന് പറ്റിയ സ്ത്രീകള്‍ ഉണ്ടെന്ന് സാരം. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വനിതകളില്‍ ബഹുഭൂരിപക്ഷവും വിജയകരമായി അവരുടെ ദൗത്യം പൂര്‍ത്തീകരിച്ചവരാണ്. വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നവരും ഏറെയുണ്ട്. പക്ഷെ അതിലെത്രപേരെ നിയമസഭയിലും പാര്‍ലമെന്റിലും കാണാന്‍ സാധിക്കുന്നു?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 സീറ്റുകളിലേക്ക് മത്സരിപ്പിച്ചതില്‍ എല്‍ഡിഎഫ് 18 ഇടത്തും യുഡിഎഫ് 12 ഇടത്തും എന്‍ഡിഎ 19 ഇടത്തുമാണ് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കിയത്. സംവരണം നടപ്പിലായിരുന്നെങ്കില്‍ 47 നിയമസഭാ സീറ്റുകളില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുമായിരുന്നു. ഈ സാഹചര്യം മാറ്റിയെടുക്കുവാന്‍ വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 2023 ല്‍ പാസ്സായ വനിതാ സംവരണം പ്രാബല്യത്തില്‍ വരാന്‍ കടമ്പകള്‍ കുറെ കടക്കേണ്ടതുണ്ട്. കോവിഡ് കാരണം മുടങ്ങിപ്പോയ സെന്‍സസ് നടപടികള്‍ പൂര്‍ത്തീകരിക്കണം, അതിനെ ആസ്പദമാക്കി ജനസംഖ്യാ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍ നിര്‍ണ്ണയം നടത്തണം തുടങ്ങി ഒരുപാടു വര്‍ഷം കാത്തിരിക്കേണ്ട നപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നാരി ശക്തി വന്ദന്‍ അധിനിയം നടപ്പില്‍ വരുത്താന്‍ സാധിക്കൂ. ഈ കാലതാമസം ഒഴിവാക്കി നിയമ ഭേദഗതിയോടെ എത്രയും പെട്ടെന്ന് സ്ത്രീകളെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എത്തിക്കുക എന്ന സദുദ്യേശത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന തീരുമാനത്തെയാണ് 230 പേര്‍ ചേര്‍ന്ന് ഇല്ലാതാക്കിയത്.

അവരും അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളും ഒരു കാര്യം ഓര്‍ത്തിരുന്നാല്‍ കൊള്ളാം. നിങ്ങള്‍ സഭയിലിട്ട് വലിച്ചു കീറിയതും കത്തിച്ചു കളഞ്ഞതും രാഷ്‌ട്രീയ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കേണ്ട സ്ത്രീ ശബ്ദങ്ങളെയാണ്, തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിയിലെയും വനിതാ നേതാക്കള്‍ പങ്കുവയ്‌ക്കുന്ന ആശങ്കകള്‍ക്കുള്ള മറുപടിയാണ്, പതിറ്റാണ്ടുകളായി സ്ത്രീകള്‍ മാര്‍ച്ച് 8 നു ഉന്നയിക്കുന്ന ശക്തമായ അവകാശവാദത്തെയാണ്, നാരീശക്തി എല്ലാ മേഖലയിലെയും പോലെ രാഷ്‌ട്രീയത്തിലും ശോഭിക്കണം എന്ന രാജ്യത്തിന്റെ പ്രധാന സേവകന്റെ നിശ്ചയദാര്‍ഢ്യത്തെയാണ്.

പാര്‍ലമെന്റില്‍ ഭേദഗതി ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും സമാജ് വാദി പാര്‍ട്ടിയും ടിഎംസിയും ഡിഎംകെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ചെറുത്തു നിന്നത്. 1976 ല്‍ ഭാരതത്തിന്റെ ജനസംഖ്യ 54 കോടി ആയിരുന്നപ്പോഴാണ് 543 ലോക്സഭാ സീറ്റുകള്‍ ഉണ്ടായത്. ഇന്ന് ജനസംഖ്യ 140 കോടി കടന്നിരിക്കുമ്പോള്‍ സ്വാഭാവികമായും സീറ്റിന്റെ എണ്ണത്തിലും മാറ്റം അനിവാര്യമാണ്. 543 ന്റെ 50% വര്‍ധിപ്പിച്ച് 816 സീറ്റായി ഉയര്‍ത്തുമ്പോള്‍ അതിന്റെ 33% അതായത് 271 വനിതകള്‍ക്ക് പാര്‍ലമെന്റില്‍ ഭാരതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പങ്കാളികളാകാം എന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് നാം ചുവട് വയ്‌ക്കുമ്പോള്‍, ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിക്കുന്ന നിലപാടുകളാണ് ഡിഎംകെ മുന്നോട്ടു വച്ചത്. പ്രതിപക്ഷത്തെ മറ്റുള്ളവരും അതിനൊപ്പം കൂടി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കില്ല എന്ന് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് കണക്കുകള്‍ മറുപടി പറയും. നിലവില്‍ കേരളം, തമിഴ് നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 23.76 ശതമാനമാണ്. മണ്ഡലം പുനര്‍നിര്‍ണയം നടന്നാല്‍ അത് 23.87 ശതമാനമായി മാറും. അതിനനുസരിച്ചു സീറ്റുകളുടെ എണ്ണം കൂടും. കേരളം മാത്രം നോക്കിയാല്‍, 3.68% എന്നത് 3.67% ആകുമ്പോള്‍ നിലവില്‍ 20 ലോക്സഭാ സീറ്റ് എന്നത് 30 ആയി ഉയരും. ഇവിടെ എങ്ങിനെയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അവഗണന നേരിടുന്നത് ? സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കുന്ന ഇത്തരം കപട വാദങ്ങള്‍ ജനം തിരിച്ചറിയുക തന്നെ ചെയ്യും.

മുസ്ലീം വനിതകള്‍ക്ക് പ്രത്യേക സംവരണം എന്ന നിലപാടാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം എന്നത് ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് വിരുദ്ധമാണ്. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ അതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നത് ഓരോ പാര്‍ട്ടിയുടെയും തീരുമാനമാണ്. ജാതി സെന്‍സസ് സമയബന്ധിതമായി പൂര്‍ത്തീകരിച്ച് പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിലവിലുള്ള സംവരണം അതേ തോതില്‍ ഉയര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചു കഴിഞ്ഞു. മതം തിരിച്ച് സീറ്റ് ഭാഗിക്കുക എന്ന സമാജ് വാദി പാര്‍ട്ടിയുടെ ആശയം നടപ്പിലാക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെ, ബില്ലിനെ എതിര്‍ക്കാന്‍ വേണ്ടി ഉന്നയിച്ച പൊള്ളത്തരം മാത്രമാണത്. ഈ കൂട്ടര്‍, മുത്തലാക്ക് നിരോധനത്തെയും എതിര്‍ത്തവരാണെന്ന് ഓര്‍ക്കണം. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പുരോഗമന വാദം അവസരത്തിനൊത്ത് മാറ്റിമറിയ്‌ക്കുന്ന സമാജ് വാദി പാര്‍ട്ടിയെ സ്ത്രീകള്‍ അവജ്ഞയോടെ കാണാന്‍ തുടങ്ങിക്കഴിഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച എല്ലാത്തിനെയും അന്ധമായി എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സ്ത്രീവിരുദ്ധ നിലപാട് ജനം തിരിച്ചറിഞ്ഞു. മുത്തലാക്ക് നിരോധിച്ചപ്പോഴും, പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയപ്പോഴും, സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോഴും നിങ്ങള്‍ എതിര്‍ത്തു. എന്നാല്‍ രാജ്യത്തെ നാരീശക്തിക്കെതിരെ തൊടുത്ത ഈ ശരങ്ങള്‍ ഒന്നൊന്നായി നിങ്ങള്‍ക്ക് നേരേതന്നെ തിരിഞ്ഞു വരുന്ന സമയം വിദൂരത്തല്ല. കുടുംബാധിപത്യത്തെ തച്ചുടച്ചുകൊണ്ട് നാരീശക്തി കുതിച്ചുയരും. തങ്ങളുടെ അവകാശത്തെ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയ ഓരോ പ്രസ്ഥാനത്തിനും ഓരോ വ്യക്തിക്കുമെതിരെ സ്ത്രീകള്‍ ആഞ്ഞടിച്ച് തുടങ്ങിക്കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും തങ്ങളെ തള്ളിപ്പറഞ്ഞ പ്രസ്ഥാനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കേരളത്തിലും മഹിളാ മോര്‍ച്ചയുടെയും ബിജെപി വനിതാ നേതാക്കളുടെയും നേതൃത്വത്തില്‍ ഈ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വനിതകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ജാതി മത രാഷ്‌ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടായി ഭാരതത്തിലെ നാരീശക്തി ഇതിനു പകരം ചോദിച്ചിരിക്കും.



By admin