
അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറന്‍ നാടുകള്‍ക്ക് ഒരു വിധിയുണ്ട്. നെടുനാള്‍ ഉണങ്ങി വരണ്ട് കിടക്കാനുള്ള വിധി. അവിടത്തെ പുഴകളുടെ കഥയും മറിച്ചല്ല. പുഴകളില്‍ ജലമൊഴുക്കാന്‍ പലരും പലവട്ടം ശ്രമിച്ചു. പക്ഷേ ദയനീയമായി തോറ്റു. അപ്പോഴാണവര്‍ പ്രകൃതിയിലെ എഞ്ചിനീയര്‍മാരെ കൊണ്ടുവരുന്ന കാര്യം ആലോചിച്ചത്. വനഗവേഷകരും സര്‍ക്കാരും അതിനെ പിന്തുണച്ചു. അങ്ങനെയാണ് ബീവറുകള്‍ രംഗത്തെത്തിയത്.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരിക്കല്‍ തങ്ങള്‍ വെടിവച്ചും കെണിവച്ചും കൊന്നൊടുക്കിയ ആ മൂഷികവര്‍ഗക്കാര്‍ പ്രകൃതിയുടെ ഗതി മാറ്റിമറിക്കുന്നത് നാട്ടുകാര്‍ അത്ഭുതത്തോടെ നോക്കിനിന്നു. ബീവറുകളെത്തി വര്‍ഷമൊന്ന് തികയും മുന്‍പേ അവ തടയണകള്‍ തീര്‍ത്തു. ചപ്പും ചവറും കല്ലും മുള്ളും ചെറുമരങ്ങളുംകൊണ്ട് ഒഴുക്കിനെ തടുത്തു. തടാകത്തിലെ മണ്ണ് മാന്തി ആഴം കൂട്ടി. അതിന്റെ ഓരത്ത് ‘ലോഡ്ജ്’ എന്ന് മനുഷ്യന്‍ വിളിക്കുന്ന കൂടുകെട്ടി.
വെള്ളം കെട്ടിനിന്നതോടെ കരയിലാകെ പച്ചപ്പുല്ലുകള്‍ നാമ്പിട്ടു. മത്സ്യങ്ങള്‍ എവിടെനിന്നൊക്കെയോ ഒഴുകിയെത്തി. ചെറുമൃഗങ്ങളും ചിത്രശലഭങ്ങളും ബീവര്‍ ഡാമുകള്‍ തേടിവന്നു. തേനീച്ചകള്‍ പരാഗണം വര്‍ധിപ്പിച്ച് വിളവ് കൂട്ടി. ഭൂമി തണുത്തു. അതോടെ പുഴകളില്‍ നിലയ്‌ക്കാതെ നീരൊഴുകി. ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനയുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു.
ബീവര്‍ അടിസ്ഥാനപരമായി മൂഷികവര്‍ഗക്കാരനാണ്. ശരാശരി 20 കിലോ ഭാരം വരുന്ന ഭീമന്‍ എലി. എലികള്‍, അണ്ണാന്‍, മുള്ളന്‍പന്നി തുടങ്ങി 2000 ല്‍പരം ജീവികള്‍ ഉള്‍പ്പെടുന്ന റോഡന്‍ഷ്യ കുടുംബക്കാരന്‍. ഈ വര്‍ഗത്തില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമന്‍ എന്ന ലോകറിക്കാര്‍ഡിന് ഉടമയുമാണ്. ലാറ്റിന്‍ ഭാഷയില്‍ ‘കാസ്റ്റര്‍’ എന്നാണിവയെ വിളിക്കുന്നത്. പ്രധാനമായും രണ്ട് സ്പീഷീസുകള്‍- കാസ്റ്റര്‍ കനാഡന്‍സിസ് എന്ന വടക്കെ അമേരിക്കന്‍ വര്‍ഗവും, കാസ്റ്റര്‍ ഫൈബര്‍ എന്ന യൂറേഷ്യന്‍ വിഭാഗവും. താമസമുറപ്പിക്കുന്ന ഇടങ്ങളിലൊക്കെ തടയണ നിര്‍മ്മിച്ച് വെള്ളത്തെ പൊലിപ്പിക്കുക എന്നതാണിവിയുടെ പ്രത്യേകത.
ഏകപത്നീ വ്രതക്കാരായ ബീവറുകളുടെ ‘ലോഡ്ജില്‍’ അരഡസന്‍ കുടുംബാംഗങ്ങളെങ്കിലും താമസത്തിനുണ്ടാകും. കാരിരുമ്പിന്റെ കാഠിന്യമുള്ള ഉളിപ്പല്ലുകള്‍കൊണ്ട് ചെറുമരങ്ങളെ വീഴ്‌ത്താന്‍ അനിതരസാധാരണമായ കഴിവാണ് ബീവറുകള്‍ക്കുള്ളത്. അവ വെള്ളത്തിലൂടെ ഒഴുക്കിക്കൊണ്ടുവന്നാണ് തടയണയും കൂടും നിര്‍മ്മിക്കുന്നത്. ചാലിന് ആഴം കുറവാണെങ്കില്‍ മുങ്ങിക്കിടന്ന് മാന്തി ചാലിന്റെ ആഴം കൂട്ടാനും ബീവറുകള്‍ക്ക് മടിയില്ല. തടാകത്തിനും നല്ല ആഴം നിര്‍ബന്ധം. അതിനോട് ചേര്‍ന്ന് നല്ല ഉയരത്തിലും വീതിയിലും പണിതൊരുക്കുന്ന കൂടുകളില്‍ പുല്ലുകൊണ്ട് തീര്‍ത്ത വെല്‍വെറ്റ് തറയും സജ്ജീകരിക്കും. പ്രധാന കവാടം വെള്ളത്തിനടിയിലേക്കാവും നിര്‍മ്മിക്കുക. ശത്രുക്കളില്‍നിന്ന് രക്ഷനേടാനുള്ള അവയുടെ തന്ത്രം!
ചെന്നായ, കഴുകന്‍, മാസംഭോജികളായ സസ്തനികള്‍ തുടങ്ങിയവയൊക്കെ ബീവറിന് ശത്രുക്കളാണ്. പക്ഷേ തങ്ങളുടെ സുരക്ഷിതത്വത്തിന് അവ പരമമായ പ്രാധാന്യം നല്‍കുന്നു. മരത്തിന്റെ മൃദുകുലകളും ചില്ലകളും ഇലമൊട്ടുകളുമൊക്കെ അവ ഭക്ഷിക്കും. എങ്കിലും വില്ലോ മരത്തിന്റെ ചില്ലകളാണ് ഏറെ പ്രിയം. മരം കോച്ചുന്ന മഞ്ഞിലും വെള്ളം കട്ടിപിടിക്കുന്ന തണുപ്പിലും അവ ഭക്ഷണത്തിനു മാത്രമാണ് പുറത്തുവരിക. നല്ല നീന്തല്‍ക്കാരുമാണിവര്‍. വെള്ളത്തിനടിയില്‍ 15 മിനിട്ടുവരെ തുടര്‍ച്ചയായി കഴിയാനുള്ള ശേഷിയുണ്ട് ബീവറുകള്‍ക്ക്. പക്ഷേ നീന്തലില്‍ വേഗത കുറവാണ്.
ഒരിക്കല്‍ യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലുമൊക്കെ ലക്ഷോപലക്ഷം ബീവറുകളാണ് ജീവിച്ചിരുന്നത്. പക്ഷേ കര്‍ഷകര്‍ അവയെ വന്‍തോതില്‍ കൊന്നൊടുക്കി. കെണിവച്ചും വെടിവച്ചും കൂടു പൊളിച്ചടുക്കിയും അവര്‍ ബീവറുകളെ വേട്ടയാടി. അവയെ കൊന്ന് ഉരിഞ്ഞെടുക്കുന്ന രോമക്കുപ്പായങ്ങളില്‍ തണുപ്പുകാലത്ത് സുരക്ഷിതത്വം തേടി. തങ്ങളുടെ കൃഷിയിടത്തിലെ ചെറുമരങ്ങള്‍ കടിച്ചുമുറിക്കുകയും, വിളകള്‍ തിന്നൊടുക്കുകയും ചെയ്യുന്ന ബീവറുകളോട് അത്രയേറെ വെറുപ്പായിരുന്നു കര്‍ഷകര്‍ക്ക്. അവ തടയണ കെട്ടി ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ തങ്ങളുടെ കൃഷിയിടത്തില്‍ വെള്ളം കയറുമെന്ന് അവര്‍ ഭയന്നു. പാടത്ത് വെള്ളപ്പൊക്കമുണ്ടാകുമെന്നും നാട്ടുവഴികള്‍ മുങ്ങുമെന്നും അവര്‍ പരാതിപ്പെട്ടു. പക്ഷേ ഒരു ബീവര്‍ ഡാം പൊളിച്ചു വിടുമ്പോള്‍ തങ്ങള്‍ നശിപ്പിക്കുന്നത് ചെറിയൊരു ജൈവ മണ്ഡലത്തെത്തന്നെയാണെന്ന് അവര്‍ അറിഞ്ഞില്ല.
ബീവറുകള്‍ നല്‍കുന്ന കനത്ത സംഭാവനകളെക്കുറിച്ച് കര്‍ഷക സമൂഹം ഏറെ വൈകിയാണ് മനസ്സിലാക്കിയത്- അപ്പോഴേക്കും ഏറെ വൈകിയെങ്കിലും: അപ്പോഴേക്കും അവയുടെ സംഖ്യ കേവലം ആയിരങ്ങളിലേക്ക് ചുരങ്ങിക്കഴിഞ്ഞുവെങ്കിലും: വരണ്ടുണങ്ങിയ ഭൂഭാഗങ്ങളെ ഹരിതവല്‍ക്കരിക്കാനും ജലം ശുദ്ധീകരിക്കാനും ഭൂഗര്‍ഭജല വിതാനം ഉയര്‍ത്താനും ബീവറുകള്‍ നല്‍കുന്ന സംഭാവനകള്‍ ഗവേഷണങ്ങള്‍ പുറത്തുകൊണ്ടുവന്നു.പില്‍ക്കാലത്ത് ജേര്‍ണല്‍ ഓഫ് അനിമല്‍ ഇക്കോളജിയും, ജേര്‍ണല്‍ ഓഫ് അപ്ലൈഡ് ഇക്കോളജിയുമൊക്കെ അവ പ്രകൃതിക്ക് നല്‍കുന്ന സംഭാവനകളെ അക്കമിട്ട് അംഗീകരിച്ചു. കാലാവസ്ഥാ മാറ്റത്തെ തടുക്കാന്‍പോലും അവയ്‌ക്ക് കഴിവുണ്ടെന്ന് പ്രഖ്യാപിച്ചു. അമേരിക്കയിലും കാനഡയിലും സ്വിറ്റ്സര്‍ലന്റിലും സ്‌കോട്ട്ലാന്റിലുമൊക്കെ നെടുനാളായി നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ബീവറുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അവയെ വംശനാശത്തില്‍നിന്ന് രക്ഷിക്കുന്നതിന് മാത്രമല്ല, പ്രകൃതിയില്‍ മനുഷ്യനുണ്ടാക്കിയ മുറിവുകള്‍ ഇല്ലാതാക്കുന്നതിനും. അതിന്റെ ഭാഗമായാവണം 1975 ല്‍ ബീവറെ കാനഡയുടെ ദേശീയ മൃഗമായി അംഗീകരിച്ചത്. കാനഡയുടെ വികസനത്തിലും പ്രകൃതിയിലും പരിസ്ഥിതിയിലും ബീവറുകള്‍ നല്‍കിയ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഈ അംഗീകാരം!
ബീവര്‍ മൂണ്‍
നവംബര്‍ മാസത്തെ പൂര്‍ണചന്ദ്രനെയാണ് പാശ്ചാത്യര്‍ ‘ബീവര്‍ മൂണ്‍’ എന്ന് വിളിക്കുന്നത്. മഞ്ഞുകാലം രൂക്ഷമാകുന്നതിന് മുന്‍പ് ബീവറുകള്‍ ഏറ്റവും കൂടുതല്‍ സക്രിയമാകുന്നത് നവംബര്‍ മാസത്തിലാണ്. പണ്ടു കാലത്ത് കര്‍ഷകര്‍ ഇവയെ കെണിവച്ച് പിടിക്കാന്‍ യോജിച്ച കാലമായി കണക്കാക്കിയിരുന്നതും നവംബര്‍ തന്നെ. അതുകൊണ്ടാവാം നവംബറിലെ പൂര്‍ണചന്ദ്രന് ‘ബീവര്‍ മൂണ്‍’ എന്ന പേര് വീണത്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത ഭ്രമണപഥത്തില്‍ ചരിക്കുന്ന 2025 ലെ, ബീവര്‍ മൂണ്‍ സത്യത്തില്‍ ഒരു ‘സൂപ്പര്‍ മൂണ്‍’കൂടിയാണ്- ചന്ദ്രന് ഏറ്റവും വലിപ്പം തോന്നിക്കുന്ന കാലമായതിനാല്‍.