തൃശൂർ > ക്രിസ്മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില് ബിജെപിക്കെതിരെ വിമര്ശനവുമായി മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപോലീത്ത. ഫേസ്ബുക്ക്കുറിപ്പിലൂടെയായിരുന്നു യൂഹാനോന് മാര് മിലിത്തിയോസിന്റെ വിമർശനം. ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെയാണ് അദ്ദേഹം “ഡൽഹിയിൽ നടന്നത് നാടകമാണ്” എന്ന് വിമര്ശിച്ചത്.
“അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ …!” എന്നായിരുന്നു അദ്ദേഹത്തിന്റെ എഫ്ബി കുറിപ്പ്. പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ശ്രമിച്ച പശ്ചാത്തലത്തിലായിരുന്നു യൂഹാനോന് മാര് മിലിത്തിയോസിന്റെ വിമർശനം.
സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ബജരംഗദൾ ജില്ലാ സംയോജക് വി സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂർ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മതസ്പർധ വളർത്തൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിഎച്ച്പി നേതാക്കൾ സ്കൂളിലെത്തിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാർഥികളുടെ മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകകയും ചെയ്തു.