ഗുവാഹത്തി: ജൂണിലെ പ്രളയത്തിന് ശേഷം അസമില്‍ വീണ്ടും മഴ ശക്തമായി. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ മരിച്ചു. തെക്കന്‍ അസമിലെ ബരാക്, കുഷിയാര നദികള്‍ കരകവിഞ്ഞതോടെ 22,000ലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഗോലാഘട്ട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഇവിടെ നിന്നാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ബരാക്, കുഷിയാരയ്ക്കൊപ്പം ദിഖൗ, ദിസാംങ്ങ്, ധന്‍സിരി അടക്കമുള്ള ബ്രഹ്മപുത്രയുടെ പോഷകനദികളും കരകവിഞ്ഞൊഴുകി വ്യാപക നാശം വിതച്ചു.
നോര്‍ത്ത് ഇസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഡോയോംങ് ജലവൈദ്യുത പദ്ധതിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതും പ്രളയത്തിന്റെ ഭീഷണി വര്‍ദ്ധിപ്പിച്ചു. ഇതുവരെ 4,548 പേര്‍ക്ക് പ്രളയബാധ നേരിട്ടതായി അധികൃതര്‍ അറിയിച്ചു. ദുരന്തബാധിതര്‍ക്കായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി.
പ്രളയബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. നിരവധി പേരെയും കന്നുകാലികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.